fbwpx
ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണം കോൺഗ്രസ് വിമത മുന്നണിക്ക്; 11 സീറ്റുകളിലും വിമതർക്ക് വിജയം
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Nov, 2024 11:21 PM

വിജയിച്ചവരിൽ ഏഴ് പേർ കോൺഗ്രസ് വിമതരും നാലുപേർ സിപിഎമ്മുകാരുമാണ്

KERALA


ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണം കോൺഗ്രസ് വിമത മുന്നണിക്ക്. 11 സീറ്റുകളിലേക്കായിരുന്നു മത്സരം നടന്നത്. മുഴുവൻ സീറ്റുകളിലും കോണ്‍ഗ്രസ് വിമത മുന്നണി വിജയിക്കുകയായിരുന്നു. വിജയിച്ചവരിൽ ഏഴ് പേർ കോൺഗ്രസ് വിമതരും നാലുപേർ സിപിഎമ്മുകാരുമാണ്. നിലവിലെ പ്രസിഡന്റ്‌ ജി.സി. പ്രശാന്ത് കുമാർ പുതിയ ഭരണ സമിതി പ്രസിഡന്‍റായി ചുമതല ഏൽക്കും. 61 വർഷത്തിന് ശേഷമാണ് കോൺഗ്രസിന് ബാങ്ക് ഭരണം നഷ്ടമാകുന്നത്.


ഡിസിസിയുടെ പാനലിനെതിരെ സിപിഎം പിന്തുണയോടെയാണ് വിമതർ മത്സരിച്ചത്. ബൂത്ത് നമ്പർ 21,22, 23 എന്നിവിടങ്ങളിലെ വോട്ടുകൾ എണ്ണിയില്ല. ഹൈക്കോടതി നിർദേശമുള്ളതിനാലാണ് ഈ ബൂത്തുകളിലെ വോട്ട് എണ്ണാതെ മാറ്റിവെച്ചത്.

നിലവിലെ ഭരണസമിതിയില്‍ നിന്ന് ബാങ്കിന്‍റെ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ കോണ്‍ഗ്രസ് ഔദ്യോഗിക വിഭാഗം മത്സരിച്ചത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്കായിരുന്നു ചേവായൂര്‍ ബാങ്ക്. നിലവിലെ ഭരണസമിതിയും ഡിസിസി നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പാനലിനെതിരെ മറ്റൊരു പാനല്‍ രംഗത്ത് വന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് വിമതരുടെ പാനലിനെ പിന്തുണച്ച് സിപിഎമ്മും രംഗത്തെത്തി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നടത്തിയ പരസ്യമായ ഭീഷണിയെ വകവയ്ക്കാതെയാണ് വിമതര്‍ കോണ്‍ഗ്രസ് പാനലിനെതിരെ മത്സരിച്ചത്. 35,000 ത്തോളം അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ കൈവശമുളള പഴക്കമേറിയ ബാങ്കുകളിലൊന്നാണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി രണ്ട് തട്ടിലായിരുന്നു.

Also Read: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; കോഴിക്കോട് നാളെ കോൺഗ്രസ് ഹർത്താൽ


അതേസമയം , തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കോഴിക്കോട് നാളെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. സംഘർഷത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. നിരവധി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റുവെന്ന് എം.കെ. രാഘവന്‍ എംപി ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. പൊലീസിനും സഹകരണ വകുപ്പിനുമെതിരെ കോടതിയെ സമീപിക്കുമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് ജയിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നൽകിയത് സിപിഎമ്മാണെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു.

സിപിഎം അയ്യായിരത്തോളം കള്ളവോട്ട് ചെയ്തെന്നും 10,000 കോൺഗ്രസ് വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു. വോട്ടർമാരല്ലാത്ത സിപിഎം പ്രവർത്തകർ പുലർച്ചെ നാലു മണിയോടെ എത്തി. പലരും വ്യാജ ഐഡി കാർഡുമായാണ് വന്നത്. കൂടുതൽ പൊലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ല. സിപിഎം നടത്തിയത് കണ്ണൂർ മോഡൽ ആക്രമണമാണെന്നും കോൺഗ്രസ് നേതാക്കൾ വിമർശിച്ചു.


Also Read
user
Share This

Popular

WORLD
IFFK 2024
WORLD
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും; പ്രഖ്യാപനവുമായി ഇമ്മാനുവേൽ മാക്രോൺ