ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; ആറ് സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി കോൺഗ്രസ്

മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന എഐസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; ആറ് സ്ഥാനാർഥികളുടെ രണ്ടാം പട്ടിക  പുറത്തിറക്കി കോൺഗ്രസ്
Published on


ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആറ് സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി കോൺഗ്രസ്. മൂന്ന് ഘട്ടങ്ങളിലായുള്ള നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന എഐസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

സെൻട്രൽ ഷാൽടെങ്ങിൽ നിന്ന് പിസിസി സംസ്ഥാന അധ്യക്ഷൻ താരിഖ് ഹമീദ് കാര മത്സരിക്കും. ഒമ്പത് സ്ഥാനാർഥികളുടെ പ്രാഥമിക ലിസ്റ്റ് ഓഗസ്റ്റ് 27 ന് പുറത്തിറക്കിയിരുന്നു. നാഷണൽ കോൺഫറൻസും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ഫോർമുലയ്ക്കും അന്തിമ രൂപമായി. നാഷണൽ കോൺഫറൻസ് 51 സീറ്റുകളിലും, കോൺഗ്രസ് 32 സീറ്റുകളിലും മത്സരിക്കും. സിപിഎമ്മിനും ജമ്മു കശ്മീർ നാഷണൽ പാന്തേഴ്‌സ് പാർട്ടിക്കും ഓരോ സീറ്റ് വീതം നൽകിയിട്ടുണ്ട്.

ALSO READ: ഭീകരാക്രമണങ്ങൾ വർധിക്കുന്നു: ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി സൈന്യം

അധ്യക്ഷൻ താരിഖ് ഹമീദ് കാരയെ കൂടാതെ, റിയാസിയിൽ നിന്ന് മുംതാസ് ഖാനെയും, മാതാ വൈഷ്ണോ ദേവിയിൽ നിന്ന് ഭൂപേന്ദർ ജംവാലും, രജൗരിയിൽ നിന്ന് ഇഫ്തിഖർ അഹമ്മദ് (എസ്‌ടി), തന്നാമണ്ടിയിൽ നിന്ന് ഷബീർ അഹമ്മദ് ഖാൻ (എസ്‌ടി), സുരൻകോട്ടിൽ നിന്ന് മുഹമ്മദ് ഷാനവാസ് ചൗധരിയും മത്സരിക്കും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിലാണ് ഈ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്.

സ്ഥാനാർഥികളുടെ രണ്ടാം പട്ടിക കൂടി പുറത്തിറക്കിയതോടെ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ ആകെ എണ്ണം 15 ആയി. കോൺഗ്രസ് അധ്യക്ഷനെ കൂടാതെ പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, താരിഖ് ഹമീദ് കാര, ജമ്മു കശ്മീർ സ്‌ക്രീനിംഗ് കമ്മിറ്റി മേധാവി സുഖ്ജീന്ദർ സിംഗ് രൺധാവ, മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് തുടങ്ങിയവർ എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ആണ് വേട്ടെടുപ്പ് നടക്കുക. സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 എന്നീ തിയതികളിലാണ് വോട്ടെടുപ്പ്. ഒക്ടോബർ എട്ടിനാണ്‌ വോട്ടെണ്ണൽ. 


Related Stories

No stories found.
News Malayalam 24x7
newsmalayalam.com