ധാരണയുണ്ടാക്കിയതിന് പിന്നാലെ 9 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്
ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക കോൺഗ്രസ് പുറത്തിറക്കി. നാഷണൽ കോൺഫറൻസുമായി സീറ്റ് ധാരണയുണ്ടാക്കിയതിന് പിന്നാലെ
9 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സിപിഎം മത്സരിക്കുന്ന സീറ്റുകളിൽ ഇരുപാർട്ടികളും മത്സരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം. നാഷണൽ കോൺഫറൻസുമായി സഖ്യമായി മത്സരിക്കാൻ കോൺഗ്രസിൽ നേരത്തെ ധാരണയുണ്ടായിരുന്നു. ആകെയുള്ള 90 സീറ്റിൽ 51 സീറ്റുകളിൽ നാഷണൽ കോൺഫറൻസും 32 സീറ്റുകളിൽ കോൺഗ്രസും മത്സരിക്കാനാണ് ധാരണ. സിപിഎമ്മിനും പാന്തേർസ് പാർട്ടിക്കും ഓരോ സീറ്റ് മാറ്റിവച്ചിട്ടുണ്ട്.
അഞ്ച് സീറ്റുകളിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും സൗഹൃദമത്സരവും കാണാം. ആദ്യ ഘട്ടത്തിൽ 9 സ്ഥാനാർത്ഥികളെ കോൺഗ്രസും 18 സ്ഥാനാർത്ഥികളെ നാഷണൽ കോൺഫറൻസും പ്രഖ്യാപിച്ചു. അടുത്ത ഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പാർട്ടികൾ ഉടൻ പ്രഖ്യാപിക്കും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. സെപ്തംബർ 18, 25 ഒക്ടോബർ 1 തീയതികളിൽ 3 ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ പിഡിപി 28 സീറ്റുകളും ബിജെപി 25 സീറ്റുകളും കശ്മീർ നാഷണൽ കോൺഫറൻസ് 15 സീറ്റുകളും കോൺഗ്രസ് 12 സീറ്റുകളും നേടിയിരുന്നു.
അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ക്യാമ്പും ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്. കഴിഞ്ഞ ദിവസം പിഡിപി പ്രകടന പത്രിക പുറത്തിറക്കി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് ബിജെപി യോഗം ചേർന്നത്. ഇത്തവണ കടുത്ത മത്സരമാണ് ജമ്മു കശ്മീരിൽ പ്രതീക്ഷിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ നേട്ടം പ്രതിപക്ഷ സഖ്യത്തിനും കരുത്ത് പകരും. പിഡിപിയുടെ ജനപക്ഷ അജണ്ട അംഗീകരിച്ചാൽ നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യത്തിന് പൂർണ പിന്തുണ നൽകുമെന്ന് മെഹബൂബ മുഫ്തി വ്യക്തമാക്കിയിട്ടുണ്ട് അതിനാൽ ജമ്മു കശ്മീരിൽ ബിജെപിക്ക് ഇത്തവണ കാര്യങ്ങൾ എളുപ്പമാകില്ല.