ബിജെപിയുടേത് നുണപ്രചരണം, അദാനി പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം; അമിത് ഷായുടെ അംബേദ്കർ പരാമർശത്തിനെതിരെ കോൺഗ്രസ്

അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് ഉയരുന്നത്. നടന്മാരായ കമൽഹാസനും വിജയും വിഷയത്തിൽ പ്രതികരിച്ചു. സ്വാതന്ത്ര്യം, തുല്യനീതി, സമത്വം എന്നീ തത്വങ്ങളിൽ വിശ്വസിക്കുന്നവർക്ക് അംബേദ്കറിനെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് കമൽ ഹാസൻ പറഞ്ഞു.
ബിജെപിയുടേത് നുണപ്രചരണം, അദാനി പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം; അമിത് ഷായുടെ അംബേദ്കർ പരാമർശത്തിനെതിരെ കോൺഗ്രസ്
Published on


കേന്ദ്രമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ബിജെപി നുണപ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വിവാദ പരാമർശത്തിൽ അമിത് ഷാ തെറ്റ് സമ്മതിക്കുന്നില്ലെന്നും,അത് തിരുത്താൻ പ്രധാനമന്ത്രി മോദി തയ്യാറാകുന്നില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അദാനിക്കെതിരായ അമേരിക്കയിലെ കേസ് പാർലമെൻ്റിൽ ചർച്ചയാകാതിരിക്കാൻ ബിജെപി ആഗ്രഹിച്ചു. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി പാർലമെൻ്റിൽ സംഘർഷം സൃഷ്ടിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അംബേദ്കർ വിരുദ്ധ പ്രസ്താവനയിലൂടെ വെളിവായത് അമിത് ഷായുടയേും ബിജെപിയുടെയും ഭരണഘടന വിരുദ്ധ, അംബേദ്കർ വിരുദ്ധ മനോഭാവമാണെന്നും, അമിത് ഷായുടെ പ്രസംഗത്തിൻ്റെ തെളിവുകൾ രാജ്യസഭ ടിവിയിലുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അമിത്ഷായുടെ അംബേദ്കർ പരാമർശത്തെ ചൊല്ലി പാർലമെൻ്റിൽ പ്രക്ഷുബ്ധ രംഗങ്ങളാണ് അരങ്ങേറിയത്. നേർക്കുനേർ മുദ്രാവാക്യത്തിന് പിന്നാലെ കയ്യാങ്കളിയിലെത്തുകയായിരുന്നു. രാഹുൽ ഗാന്ധി എംപിമാരെ കയ്യേറ്റം ചെയ്തെന്ന് ബിജെപി ആരോപിച്ചു. കാൽമുട്ടിന് പരിക്കേറ്റതായി മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അദാനി പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്നും പ്രതിപക്ഷം ആരോപിച്ചു.


അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് ഉയരുന്നത്. നടന്മാരായ കമൽഹാസനും വിജയും വിഷയത്തിൽ പ്രതികരിച്ചു. സ്വാതന്ത്ര്യം, തുല്യനീതി, സമത്വം എന്നീ തത്വങ്ങളിൽ വിശ്വസിക്കുന്നവർക്ക് അംബേദ്കറിനെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് കമൽ ഹാസൻ പറഞ്ഞു. കമൽഹാസൻ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. സാമൂഹിക അനീതികളുടെ അതിർവരമ്പുകളിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് അംബേദ്കറാണ്. അമിത് ഷായുടെ വാക്കുകൾ അംബേദ്കറെ സ്നേഹിക്കുന്നവരുടെ വികാരം വ്രണപ്പെടുത്തിയെന്നും കമൽഹാസൻ പറഞ്ഞു. അംബേദ്കർ എന്ന പേരിനോട് ചിലർക്ക് അലർജിയെന്നായിരുന്നു നടനും ടിവികെ നേതാവുമായ വിജയിന്റെ വിമർശനം. 

വിവാദം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല, കൂടുതൽ നേതാക്കളും സാംസ്കാരിക പ്രവർത്തകരും അമിത് ഷായ്കക്കെതിരെ വിമർശനം ഉന്നയിച്ചു.അതേസമയം അംബേദ്കർ പരാമർശത്തിൽ ​കോൺ​ഗ്രസ് രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ രണ്ടുപേർ കൊല്ലപ്പെട്ടു. കോൺഗ്രസ് ഭാരവാഹികളാണ് പൊലീസ് നടപടിയ്ക്കിടെ മരിച്ചത്. അസമിലെയും ഉത്തർപ്രദേശിലുമാണ് മരണം. പൊലീസ് നടപടിയിലാണ് നേതാക്കൾ മരിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആരോപണം പൊലീസ് തള്ളി. മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ രാഹുൽഗാന്ധി അപലപിച്ചു. ബിജെപി ഭരിക്കുന്ന അസമിലും യുപിലും ജനാധിപത്യവും ഭരണഘടനയും വീണ്ടും കൊല ചെയ്യപ്പെട്ടുവെന്ന് രാഹുൽ വിമർശിച്ചു.  അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇത്രയും തവണ ദൈവനാമം ചൊല്ലിയിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ പോകാമായിരുന്നു''-എന്നായിരുന്നു കേന്ദ്രമന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവന. പ്രസ്താവനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധ ഉയർന്നതോടെ പരാമർശം വളച്ചൊടിച്ചെന്ന വിശ​ദീകരണവുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com