ബദ്‌ലാപൂർ ബലാത്സംഗക്കേസ്: പ്രതിയെ വെടിവച്ചുകൊന്ന പൊലീസ് നടപടിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്

ഹൈക്കോടതി സിറ്റിങ് ജഡ്ജ് സംഭവം അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു
ബദ്‌ലാപൂർ ബലാത്സംഗക്കേസ്: പ്രതിയെ വെടിവച്ചുകൊന്ന പൊലീസ് നടപടിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്
Published on


മഹാരാഷ്ട്ര ബദ്‌ലാപൂർ ബലാത്സംഗക്കേസിൽ പ്രതിയെ വെടിവച്ചുകൊന്ന പൊലീസ് നടപടിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം. പൊലീസ് നടപടി സംശയകരമാണ്. ഹൈക്കോടതി സിറ്റിങ് ജഡ്ജ് സംഭവം അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മഹാരാഷ്ട്ര നിയമസഭാ പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാറും പ്രതികരിച്ചിരുന്നു. വിലങ്ങിട്ട പ്രതിക്ക് തോക്ക് എടുക്കാനും പൊലീസുകാർക്ക് നേരെ വെടിയുതിർക്കാനും എങ്ങനെ കഴിയുമെന്ന് വഡേത്തിവാർ ചോദിച്ചു.

എന്നാൽ കേസിൽ പൊലീസിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ പ്രതിയുടെ പക്ഷം പിടിക്കുന്നു. പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പ്രവൃത്തി അപലപനീയവും ദൗർഭാഗ്യകരവുമാണെന്നും ഷിൻഡെ പറഞ്ഞു.


മുംബൈ ബദ്‌ലാപൂരിൽ രണ്ട് നഴ്‌സറി സ്‌കൂൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അക്ഷയ് ഷിൻഡെയാണ് വെടിയേറ്റ് മരിച്ചത്. കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. പൊലീസ് വാഹനത്തിനുള്ളിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥൻ്റെ തോക്ക് പിടിച്ചു വാങ്ങി പൊലീസുകാരനു നേരെ വെടിയുതിർക്കുകയും തിരിച്ചുണ്ടായ വെടിവെപ്പിൽ പരിക്കേൽക്കുകയുമായിരുന്നു. ഒരു കോൺസ്റ്റബിളിൻ്റെ തോക്ക് തട്ടിയെടുത്താണ് ഇയാൾ പൊലീസിന് നേരെ വെടിയുതിർത്തത്.

ആദ്യ ഭാര്യ നൽകിയ ബലാത്സംഗ കേസിൽ ഷിൻഡെയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കാനാണ് ബദ്‌ലാപൂരിലെ ഉദ്യോഗസ്ഥർ തലോജ ജയിലിലേക്ക് പോയത്.
വൈകിട്ട് ആറരയോടെ പൊലീസ് സംഘം മുമ്പ്ര ബൈപ്പാസിന് സമീപം എത്തിയപ്പോൾ ഷിൻഡെ ഒരു കോൺസ്റ്റബിളിൻ്റെ തോക്ക് തട്ടിയെടുക്കുകയും നിരവധി റൗണ്ട് വെടിയുതിർക്കുകയും ചെയ്തു. ഇതിന് പ്രതിരോധിക്കാൻ മറ്റൊരു ഉദ്യോഗസ്ഥൻ ഷിൻഡെയെ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com