ക്രിസ്‌ത്യൻ വിശുദ്ധന്മാരുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളെ ഉൾപ്പെടുത്തിയെന്ന് പരാതി; 78,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി

പാലാരിവട്ടം സ്വദേശികളായ ആൻ്റണി, ഫിൻറ്റോൾ ഉൾപ്പെടെ നാലുപേർ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ നിർദേശം
ക്രിസ്‌ത്യൻ വിശുദ്ധന്മാരുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളെ ഉൾപ്പെടുത്തിയെന്ന് പരാതി; 78,000 രൂപ നഷ്ടപരിഹാരം വിധിച്ച് 
ഉപഭോക്തൃ കോടതി
Published on

ക്രിസ്ത്യൻ വിശുദ്ധന്മാരുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളും ഉൾപ്പെടുത്തി മതപരമായ വിശ്വാസത്തെ കളങ്കപ്പെടുത്തിയെന്ന പരാതിയിൽ 78,000/- രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി. പാലാരിവട്ടം സ്വദേശികളായ ആൻ്റണി, ഫിൻറ്റോൾ ഉൾപ്പെടെ നാലുപേർ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ നിർദേശം.

കോയമ്പത്തൂരിലെ കെ. ജി ഇമേജിക എന്ന സ്ഥാപനത്തിലെ എതിരെയാണ് പരാതി സമർപ്പിച്ചത്. 2022 ഡിസംബറിൽ പാലാരിവട്ടത്തെ സെൻറ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് ക്രിസ്ത്യൻ വിശുദ്ധന്മാരുടെ ഫോട്ടോ ഫ്രെയിം ചെയ്ത് എല്ലാവർക്കും നൽകാൻ പരാതിക്കാർ തീരുമാനിച്ചിരുന്നു. ഫോട്ടോ തയ്യാറാക്കുന്നതിനായി എതിർകക്ഷി സ്ഥാപനത്തെ സമീപിക്കുകയും ചെയ്തു.

53750 രൂപ പരാതിക്കാർ തന്നെയാണ് ചെലവഴിച്ചത്. 2150 എണ്ണം ഫോട്ടോ ഫ്രെയിം ചെയ്യാൻ ആയി കരാർ ഒപ്പുവയ്‌ക്കുകയും ചെയ്തു. ലഭിച്ച ഫോട്ടോ വിശ്വാസികൾക്ക് നൽകുകയും അവരവരുടെ വീടുകളിലെ വിശുദ്ധമായ ഒന്നായി അത് പരിഗണിച്ചു. എന്നാൽ പിന്നീടാണ് വിശ്വാസികൾ ഫോട്ടോകളുടെ എല്ലാം പിന്നിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രമാണ് ഉള്ളതെന്ന് മനസിലാക്കിയത്. ഇതേതുടർന്ന് വിശ്വാസികൾ പരാതി ഉയർത്തുകയും സംഘാടകരെ കുറ്റപ്പെടുത്തുകയും ചെയ്തു.

പരാതിക്കാർ എതിർകക്ഷികളെ സമീപിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ അവർ അത് പരിഹരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. പരാതിക്കാർക്ക് വേണ്ടി അഡ്വ. ടോം ജോസഫാണ് ഹാജരായത്. എതിർകക്ഷികളുടെ അധാർമികമായ വ്യാപാര രീതി മൂലം പരാതിക്കാർക്ക് ബുദ്ധിമുട്ടുകളും ധനനഷ്ടവും ഉണ്ടായി ബെഞ്ച് വിലയിരുത്തി. ഈ സാഹചര്യത്തിൽ ഫോട്ടോ തയ്യാറാക്കുന്നതിന് വേണ്ടി ചെലവഴിച്ച 53750 രൂപയും ഇരുപതിനായിരം രൂപ നഷ്ടപരിഹാരം,  5000 രൂപ കോടതി ചെലവ്, എന്നിവ 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാർക്ക് നൽകണമെന്ന് കോടതി ഉത്തരവ് നൽകി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com