വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
നിരവധി പ്രമാദമായ കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായെത്തി കേരളക്കരയെ ഞെട്ടിച്ച പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ ആളൂരിൻ്റെ യഥാർത്ഥ പേര് ബിജു ആൻ്റണി എന്നാണ്. പെരുമ്പാവൂർ ജിഷ വധക്കേസ്, ഇളന്തൂർ നരബലിക്കേസ്, കൂടത്തായി കേസ്, ട്രെയിനിൽ യാത്ര ചെയ്യവെ കൊല്ലപ്പെട്ട സൌമ്യയുടെ കേസ്, ഡോ. വന്ദന ദാസ് കൊലക്കേസ് എന്നിവയിൽ പ്രതികൾക്കായി ശക്തിയുക്തം വാദിച്ച് കുപ്രസിദ്ധി നേടിയ അഭിഭാഷകനാണ് അദ്ദേഹം.
ALSO READ: ഇന്ത്യൻ ഷൂട്ടിങ് താരവും പരിശീലകനുമായിരുന്ന പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു
തൃശൂർ സെൻ്റ് തോമസ് കോളേജിലായിരുന്നു പഠനം. പ്രീ ഡിഗ്രി വരെ കേരളത്തിലുണ്ടായിരുന്നു. കേരളത്തിൽ നിന്ന് പൂനെയിലേക്ക് പോയതാണ് ആളൂരിന്റെ ജീവിതം മാറ്റി മറിച്ചത്. നിയമ ബിരുദം സ്വന്തമാക്കുന്നത് അവിടെ വച്ചാണ്. പിന്നീട് സഹോദരനൊപ്പം ഏതാണ്ട് ഒരു ദശാബ്ദത്തോളും പൂനെയിൽ തന്നെയായിരുന്നു താമസം.
1999ലാണ് ആളൂർ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. നാല് വർഷത്തോളം കേരളത്തിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തു. ക്രിമിനൽ കേസുകളിൽ തന്നെയായിരുന്നു ശ്രദ്ധ മുഴുവൻ. നരേന്ദ്ര ധബോൽക്കറെ സംഘപരിവാർ അനുഭാവികൾ വെടിവച്ച് കൊന്നപ്പോൾ ആ കേസിലും പ്രതികളെ രക്ഷിക്കാൻ രംഗത്തിറങ്ങിയത് ബി.എ. ആളൂർ ആയിരുന്നു.
സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാൻ എത്തിയപ്പോഴാണ് മലയാളികൾ അഡ്വ. ബി.എ. ആളൂർ എന്ന പേര് ശ്രദ്ധിക്കുന്നത്. സൌമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെ കേരളത്തിലെ മാധ്യമങ്ങളിൽ ആളൂരിന് വലിയ പ്രാധാന്യമാണ് ലഭിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനായി രംഗത്തെത്തുമെന്ന് ആദ്യം അറിയിച്ചെങ്കിലും... നടൻ്റെ വക്കാലത്ത് നേടിയെടുത്തത് അഡ്വ. ബി. രാമൻപിള്ളയായിരുന്നു.