ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ പരോക്ഷ പരാമർശം; പി.എം.എ. സലാമിനെതിരെ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കള്‍

പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചതിന് പിന്നാലെ കുവൈത്തിൽ വെച്ചായിരുന്നു പിഎംഎ സലാമിന്‍റെ വിവാദ പരാമർശം
ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ പരോക്ഷ പരാമർശം; പി.എം.എ. സലാമിനെതിരെ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കള്‍
Published on

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ പരോക്ഷ വിമർശനത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെ സമസ്ത നേതാക്കൾ. ജിഫ്രി തങ്ങളെ ഒട്ടും മാന്യമല്ലാത്ത ശൈലിയിലാണ് സലാം ആക്ഷേപിച്ചിരിക്കുന്നതെന്നാണ് സമസ്ത നേതാക്കളുടെ വിമർശനം. മുസ്ലീം ലീഗിൻ്റെ മറപിടിച്ച് സുന്നി വിശ്വാസങ്ങളെയും , സമസ്തയെയും നിരന്തരമായി ആക്ഷേപിക്കുന്നുവെന്നും സമസ്ത നേതാക്കള്‍ സംയുക്ത പ്രസ്താവനയിറക്കി.

പാലക്കാട് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടായിരുന്നു ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരെയുള്ള പി.എം.എ. സലാമിന്‍റെ പ്രസ്താവന. പാണക്കാട് സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജയിച്ചപ്പോൾ മറ്റൊരു നേതാവ് അനുഗ്രഹിച്ച ഡോ. പി. സരിൻ മൂന്നാമതായെന്നും മുസ്ലീം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നുമായിരുന്നു സലാമിന്‍റെ പരാമർശം. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചതിന് പിന്നാലെ കുവൈത്തിൽ വെച്ചായിരുന്നു പി.എം.എ. സലാമിന്‍റെ വിവാദ പരാമർശം.

തെരഞ്ഞെടുപ്പുകാലങ്ങളിൽ ആശീർവാദം തേടി സ്ഥാനാർഥികൾ പ്രമുഖ വ്യക്തിത്വങ്ങളെ സമീപിക്കാറുള്ളത് പതിവ് രീതിയാണെന്നും വരുന്നവരെ മാന്യമായി സ്വീകരിക്കുക എന്നത് മര്യാദയാണെന്നും സമസ്ത പ്രസ്താവനയില്‍ പറയുന്നു. ഇതിൻ്റെ പേരിൽ കേരള മുസ്ലീങ്ങളില്‍ സിംഹഭാഗത്തെ പ്രതിനിധീകരിക്കുന്ന സമസ്തയെന്ന മഹാപ്രസ്ഥാനത്തിൻ്റെ അമരക്കാരനെ ഒട്ടും മാന്യമല്ലാത്ത ശൈലിയിലാണ് സലാം ആക്ഷേപിച്ചിരിക്കുന്നതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.

Also Read: മുനമ്പം വഖഫ് ഭൂമി പ്രശ്നം: 43-ാം ദിവസത്തിലേക്ക് കടന്ന് റിലേ നിരാഹാര സമരം

മുസ്ലീം ലീഗ് പാർട്ടിയുടെ മറപിടിച്ച് സലഫി ആശയധാരയുടെ പിന്തുണയോടെ പി.എം.എ. സലാം സുന്നി വിശ്വാസങ്ങളെയും , സമസ്തയെയും നിരന്തരമായി ആക്ഷേപിക്കുന്നു. ഇതിന് ലീഗിന്‍റെ വേദി ഉപയോഗപ്പെടുത്തുന്നുവെന്നുമാണ് സമസ്ത നേതാക്കളുടെ വിമർശനം. മുസ്ലീം ലീഗിനെയും സമസ്തയെയും അകറ്റി സലഫിസം നടപ്പാക്കാനുള്ള തല്പരകക്ഷികളുടെ ശ്രമത്തെ ചെറുത്തു തോൽപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. എന്നാല്‍, ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല മുഖ്യമന്ത്രിയെ വിമർശിച്ച് നടത്തിയ പ്രസ്താവനയാണെന്നാണ് പി.എം.എ. സലാമിന്‍റെ വിശദീകരണം. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com