ട്രംപിന് തിരിച്ചടി; യുഎസ് എയിഡ് ജീവനക്കാരെ അവധിയിൽ പ്രവേശിപ്പിക്കാനുള്ള ഉത്തരവിന് താൽക്കാലിക തടയിട്ട് കോടതി

ജീവനക്കാരുടെ രണ്ട് യൂണിയനുകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ
ട്രംപിന് തിരിച്ചടി; യുഎസ് എയിഡ് ജീവനക്കാരെ അവധിയിൽ പ്രവേശിപ്പിക്കാനുള്ള ഉത്തരവിന് താൽക്കാലിക തടയിട്ട് കോടതി
Published on


യുഎസ് എയിഡ് ജീവനക്കാരെ ശമ്പളത്തോടുകൂടിയ അവധിയിൽ പ്രവേശിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് താൽക്കാലികമായി തടഞ്ഞ് കോടതി. വാഷിങ്ടൺ ഡിസിയിലെ ഫെഡറൽ കോടതി ഡിസ്ട്രിക് ജഡ്ജ് കാൾ നിക്കോളാസിൻ്റേതാണ് തീരുമാനം. ഉത്തരവ് പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ ശേഷിക്കെയാണ് തീരുമാനം കോടതി തടഞ്ഞത്. ജീവനക്കാരുടെ രണ്ട് യൂണിയനുകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഫെബ്രുവരി 14 അർദ്ധരാത്രി വരെ ഈ ഉത്തരവ് പ്രാബല്യത്തിൽ തുടരും.

യുഎസ് എയിഡിന്റെ പ്രവർത്തനങ്ങൾ നിർത്തലാക്കാനും ജീവനക്കാരെ അവധിയിൽ പ്രവേശിപ്പിക്കാനുമുള്ള ശ്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു ഹർജി. ധനസഹായം പുനഃസ്ഥാപിക്കണമെന്നും ഏജൻസിയുടെ ഓഫീസുകൾ വീണ്ടും തുറക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. കൂടാതെ യുഎസ് കോൺഗ്രസിന് മാത്രമേ ഏജൻസി പിരിച്ചുവിടാൻ കഴിയുകയുള്ളുവെന്നും ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും യുഎസ് എയിഡ് വ്യക്തമാക്കിയിരുന്നു.

10,000ത്തിൽപരം ജീവനക്കാരുള്ള സംഘടനയിൽ മൂന്നൂറിൽ താഴെ ജീവനക്കാരെ മാത്രം നിലനിർത്താനാണ് ട്രംപും മസ്കും പദ്ധതിയിടുന്നതെന്നായിരുന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നത്. ട്രംപിൻ്റെ നീക്കം സംഘടനയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രകൃതി ദുരന്തങ്ങളും പട്ടിണിയും ജനാധിപത്യ ധ്വംസനങ്ങളും നേരിടുന്ന രാജ്യങ്ങളിൽ മാനുഷിക സഹായം ഉറപ്പുവരുത്തുന്ന അമേരിക്കൻ സംഘടനയാണ് യുഎസ് എയിഡ്. ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ അനാവശ്യ ചെലവുകളെന്ന പേരിൽ ലോകാരോഗ്യ സംഘടനയിൽ നിന്നടക്കം പിൻവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള തലത്തിൽ പ്രവർത്തിക്കുന്ന യുഎസ് എയിഡിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങിയത്.

ദുരിതം അനുഭവിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്ന് അടക്കം 9500ൽ അധികം ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും 294 ജീവനക്കാരെ മാത്രമാകും നിലനിർത്തുകയെന്നുമാണ് ട്രംപ് ഭരണകൂടത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. ഇതിൽ ആഫ്രിക്കൻ ബ്യൂറോയിൽ 12 പേരും ഏഷ്യൻ ബ്യൂറോയിൽ എട്ട് പേരും മാത്രമാണുണ്ടാകുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com