എന്നാൽ ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകമല്ലെന്നും അതിക്രൂര കൊലപാതകമല്ലെന്നുമാണ് പ്രതിഭാഗത്തിൻ്റെ വാദം
കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശി ദുരഭിമാനക്കൊലയിൽ തിങ്കളാഴ്ച കോടതി വിധി പറയും. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. 2020ലെ ക്രിസ്തുമസ് ദിനത്തിലാണ് തേങ്കുറിശി ഇലമന്ദം കൊല്ലത്തറയിൽ അനീഷ് കൊല്ലപ്പെട്ടത്. അനീഷിൻ്റെ ഭാര്യാ പിതാവ് പ്രഭു കുമാർ, അമ്മാവൻ കെ. സുരേഷ് കുമാർ എന്നിവരാണ് കേസിലെ പ്രതികൾ.
മേൽജാതിക്കാരിയായ ഹരിതയെന്ന യുവതി, പിന്നാക്ക ജാതിക്കാരനായ അനീഷിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. കേസിൽ ആകെ 59 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. വിവാഹശേഷം അനീഷിനെ നിരവധി തവണ ഭീഷണിപ്പെടുത്തിയ പ്രതികൾ, കൊലപാതകത്തിന് മുൻകൂട്ടി പദ്ധതിയിട്ടതായാണ് പ്രോസിക്യൂഷൻ വാദം. പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളെ കൊലപ്പെടുത്തിയതിന് കടുത്ത ശിക്ഷ നൽകണമെന്നാണ് വാദം.
എന്നാൽ, ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകമല്ലെന്നും അതിക്രൂര കൊലപാതകമല്ലെന്നുമാണ് പ്രതിഭാഗത്തിൻ്റെ വാദം. ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും, ഭാവിയിൽ പ്രതികൾ ഇത്തരം ആക്രമണങ്ങൾ നടത്തില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാൽ, വിചാരണയുടെ അവസാന ഘട്ടത്തിൽ കോടതിയുടെ ചോദ്യത്തിന് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നായിരുന്നു പ്രതികളായ പ്രഭു കുമാറിൻ്റെയും സുരേഷ് കുമാറിന്റെയും മറുപടി. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികൾക്ക് അതിൽ കുറ്റബോധമുണ്ടായിരുന്നില്ല.
അനീഷും ഹരിതയും സ്കൂൾ കാലം മുതൽക്കേ പ്രണയത്തിലായിരുന്നു. ഹരിതയുടെ കുടുംബത്തിൽ നിന്നും ഈ ബന്ധം പലതവണ വിലക്കിയെങ്കിലും ഇവർ പിൻമാറാൻ തയ്യാറായില്ല. പിന്നാലെ പെയ്ൻ്റിങ് തൊഴിലാളിയായ അനീഷിനെ ഹരിത വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞെങ്കിലും ഹരിതയുടെ കുടുംബത്തിൻ്റെ പക തീർന്നിരുന്നില്ല. ഇവർ പലതവണയായി അനീഷിനെ ഭീഷണിപ്പെടുത്തി. മൂന്ന് മാസത്തിനകം അനീഷിനെ ഇല്ലാതാക്കുമെന്നും ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഈ ഭീഷണികൾക്ക് പിന്നാലെയായിരുന്നു കൊലപാതകം.
ALSO READ: "പറയാനുള്ളതെല്ലാം ആദ്യം ഇവിടെ പറയും"; ഉമ്മൻചാണ്ടിയുടെ സ്മൃതി മണ്ഡപത്തിലെത്തി സരിൻ
സംഭവ ദിവസം അനീഷും സഹോദരനും ബൈക്കിൽ കടയിലേക്ക് പോവുകയായിരുന്നു. വഴിയിൽ കാത്തിരുന്ന പ്രഭു കുമാറും സുരേഷും ചേർന്ന് ഇരുവരെയും ആക്രമിച്ചു. വടിവാളും കമ്പിപ്പാരയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അനീഷ് ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം പ്രഭു കുമാർ കോയമ്പത്തൂരിലെ ബന്ധുവീട്ടിലേക്ക് കടന്നു. അവിടെവെച്ചാണ് ഇയാളെ പിടികൂടിയത്. ഇവർക്കെതിരെ കടുത്ത നടപടികൾ വേണമെന്നാണ് കേസ് അന്വേഷണത്തിൻ്റെ തുടക്കം മുതൽ പൊതുസമൂഹത്തിൻ്റെ ആവശ്യം.