
തൃശൂർ പൂരം കലക്കലിൽ പുനരന്വേഷണത്തിന് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനം. തിരുവനന്തപുരം എകെജി സെന്ററിലാണ് നിർണായക കൂടിക്കാഴ്ച നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും ഒപ്പമുണ്ടായിരുന്നു.
അതേസമയം, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ഉണ്ടാവില്ല. എന്നാൽ ഏത് രീതിയിലുള്ള അന്വേഷണമാകും എന്നത് നാളെത്തെ മന്ത്രിസഭാ യോഗത്തിനു ശേഷമേ തീരുമാനമുണ്ടാകു. എഡിജിപിയെ മാറ്റണമെന്ന സിപിഐയുടെ ആവശ്യവും മുഖ്യമന്ത്രി തള്ളി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
സഭ കൂടുന്നതിന് മുൻപ് പ്രതിപക്ഷത്തിന്റെ ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം അംഗീകരിച്ചാൽ അത് രാഷ്ട്രീയമായ തിരിച്ചടികൾക്ക് കാരണമാകുമെന്നതിനാലാണ് നിലവിൽ ജുഡീഷ്യൽ അന്വേഷണത്തിലേക്ക് സർക്കാർ നീങ്ങാത്തത് എന്നാണ് ലഭിക്കുന്ന സൂചന. ആർഎസ്എസ് കൂടിക്കാഴ്ച, പി. ശശിക്കെതിരായ ആരോപണങ്ങൾ എന്നിവ ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത് സർക്കാരിന് ഗുണം ചെയ്യില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതുകൊണ്ട് തന്നെ പുനരന്വേഷണം നടത്താം എന്നാണ് കൂടിക്കാഴ്ചയിൽ തീരുമാനമായത്.
തൃശൂർ പൂരം കലക്കൽ, മറ്റ് ആരോപണങ്ങൾ എന്നിവയിൽ എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കാനിരിക്കെയാണ് അടിയന്തര കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. നാളെ ക്യാബിനറ്റ് പരിഗണിക്കാനിരിക്കുന്ന റിപ്പോർട്ടിൽ രണ്ട് നിർദേശങ്ങളാണ് ഡിജിപി മുന്നോട്ട് വയ്ക്കുന്നത്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് അന്വേഷണം, വിഷയത്തിലെ പൊലീസ് വീഴ്‌ച എന്നിവയാണ് ആ രണ്ട് നിർദേശങ്ങൾ.