നോക്കുകൂലി എവിടെയുമില്ല, നിർമലാ സീതാരാമൻ്റെ മനസിൽ തൊഴിലാളി വിരുദ്ധ വിഷം: എ.കെ. ബാലന്‍

കേരളത്തിൽ നോക്കുകൂലി ഉണ്ടെന്നായിരുന്ന കേന്ദ്ര ധനമന്ത്രിയുടെ പരിഹാസം
നിർമലാ സീതാരാമന്‍, എ.കെ. ബാലൻ
നിർമലാ സീതാരാമന്‍, എ.കെ. ബാലൻ
Published on

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെതിരെ സിപിഐഎം നേതാവ് എ.കെ. ബാലൻ. നിർമലാ സീതാരാമൻ്റെ മനസിൽ തൊഴിലാളി വിരുദ്ധ വിഷമാണ്. മുഴുവൻ തൊഴിലാളികളെയും അപമാനിക്കുന്ന പരാമർശമാണ് മന്ത്രിയുടേതെന്ന് എ.കെ. ബാലൻ പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുടെ നോക്കുകൂലി പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു എ.കെ. ബാലൻ. നോക്കുകൂലി എവിടെയും ഇല്ലെന്ന് എ.കെ. ബാലൻ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ എല്ലായിടത്തും ഉണ്ടാവാം. അതിനെ സാമാന്യവൽക്കരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസഭയിലാണ് കേരളത്തിലെ സിപിഐഎമ്മിനെതിരെ ധനമന്ത്രി നിർമലാ സീതാരാമൻ രൂക്ഷ വിമർശനം നടത്തിയത്. കേരളത്തിൽ നോക്കുകൂലി ഉണ്ടെന്നായിരുന്ന കേന്ദ്ര ധനമന്ത്രിയുടെ പരിഹാസം. ബസിൽ നിന്ന് പെട്ടി ഇറക്കാൻ 50 രൂപയെങ്കിലും നോക്കി നിൽക്കുന്നവർക്ക് വേറെ കൂലി നൽകണം. നോക്കുകൂലി എന്ന പ്രതിഭാസം വേറെ എവിടെയും ഇല്ലെന്നും സിപിഐഎമ്മുകാരാണ് അത് പിരിക്കുന്നതെന്നും നിർമലാ സീതാരാമൻ ആരോപിച്ചു. അത്തരത്തിലുള്ള കമ്യൂണിസമാണ് കേരളത്തിൽ നടക്കുന്നത്. ഇതാണ് കേരളത്തിലെ വ്യവസായങ്ങളെ നശിപ്പിച്ചതെന്നും ധനമന്ത്രി വിമർശിച്ചു. രണ്ടുദിവസം മുൻപ് നൽകിയ ഇന്‍റർവ്യൂവിൽ പോലും അവിടെ നോക്കുകൂലിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയേണ്ടി വന്നു. ഇക്കാര്യത്തെപ്പറ്റി തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും താനും ഇതേ മേഖലയിൽ നിന്നുള്ള ആളാണെന്നും നിർമലാ സീതാരാമൻ പ്രതിപക്ഷ അം​ഗങ്ങളോട് പറഞ്ഞു.

യുഡിഎഫ് വന്നാൽ ആശാ പ്രശ്നം പരിഹരിക്കുമെന്ന മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയ്ക്കും എ.കെ. ബാലൻ മറുപടി നൽകി. എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്ന് യു‍ഡിഎഫ് തന്നെ സമ്മതിക്കുന്നു. ഭരണത്തിൽ വരില്ല എന്നുറപ്പുള്ളതുകൊണ്ടാണ് പിച്ചും പേയും പറയുന്നത്. ആശാ സമരത്തിന് എതിരല്ലെന്നും എ.കെ. ബാലൻ വ്യക്തമാക്കി. ആശാ സമരത്തിന് സിപിഐഎമ്മും സംസ്ഥാന സർക്കാരും എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. സമരത്തോടും സമരം നടത്തുന്നവരോടും വിരോധമില്ലെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.

പൊതുപ്രവർത്തകന് പ്രായം പരാധി ഇല്ലെന്നും എ.കെ ബാലൻ പറഞ്ഞു. മരണത്തിനും പ്രായപരിധി ഉണ്ട് എന്നാൽ പൊതുപ്രവർത്തനത്തിന് പ്രായപരിധി ഇല്ല. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com