'സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയാണ് പറയുന്നത്'; ചുങ്കത്തറയില്‍ കൂറുമാറിയ അംഗത്തിന്റെ ഭര്‍ത്താവിന് ഭീഷണി

വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്ന് ചുങ്കത്തറ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചിരുന്നു
'സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയാണ് പറയുന്നത്'; ചുങ്കത്തറയില്‍ കൂറുമാറിയ അംഗത്തിന്റെ ഭര്‍ത്താവിന് ഭീഷണി
Published on

മലപ്പുറം ചുങ്കത്തറയില്‍ കൂറുമാറിയ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിന് സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി. അന്‍വറിനൊപ്പം നിന്നാല്‍ ഭാവിയില്‍ ഗുരുതരമായ വിഷയം ഉണ്ടാകുമെന്നാണ് ഭീഷണി. കൂറുമാറിയ പഞ്ചായത്തംഗം നുസൈബയുടെ ഭര്‍ത്താവ് സുധീറിനെയാണ് ഏരിയാ സെക്രട്ടറി ടി. രവീന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്.

പാര്‍ട്ടിയെ കുത്തിയാണ് പോകുന്നത്, ഭാവിയില്‍ അതിന്റെ ഭവിഷ്യത്ത് ഉണ്ടാകും. ഒരു ദാക്ഷണ്യവും നിന്നോടോ നിന്റെ കുടുംബത്തിനോടോ ഉണ്ടാകില്ല. സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയാണ് പറയുന്നത്. കരുതിയിരുന്നോ എന്നൊക്കെയാണ് നേതാവിന്റെ ഭീഷണി.

എന്നാല്‍ താന്‍ ഭീഷണിപ്പെടുത്തിയതല്ലെന്നും കൂറുമാറില്ലെന്ന് ഉറപ്പ് നല്‍കിയിട്ട് ലംഘിച്ചപ്പോള്‍ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്നുമാണ് ഏരിയാ സെക്രട്ടറിയുടെ വിശദീകരണം.

വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്ന് ചുങ്കത്തറ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചിരുന്നു. 20 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ഡിഎഫാണ് ഭരിച്ചിരുന്നത്. ഇരു മുന്നണികള്‍ക്കും പത്ത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. അന്‍വര്‍ ഇടപെട്ടാണ് നുസൈബയെ കൂറുമാറ്റിയതെന്നാണ് സിപിഎം ആരോപണം.

അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കേ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു. ഒടുവില്‍ പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. നുസൈബയുടെ ഭര്‍ത്താവ് സുധീര്‍ പുന്നപ്പാല തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com