പ്രതികളുടെ പേര് പുറത്തുവരാതിരിക്കാൻ വേണ്ടി നാലര കൊല്ലമായി പെടാപ്പാട് പെടുകയാണ് സർക്കാരെന്നും അദ്ദേഹം ആരോപിച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിലും മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കാത്തതിലും സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുകേഷ് രാജി വെക്കണമെന്നത് ആദ്യമേ ആവശ്യപ്പെട്ട കാര്യമാണ്. തീരുമാനമെടുക്കേണ്ടത് സിപിഎം ആണ്. മുകേഷിന്റെ രാജിയാവശ്യപ്പെട്ട് ഞങ്ങളുടെ സംഘടനകൾ സമരം നടത്തുകയാണ്. സിപിഎം ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. മുകേഷിന് കൂട ചൂടി നിൽക്കുകയാണ് സിപിഎം. ഘടകകക്ഷികളിൽ നിന്ന് ആവശ്യം വന്നിട്ടു പോലും മുകേഷിനെ സിപിഎം സംരക്ഷിക്കുന്നുവെന്നും വി.ഡി. സതീശൻ ആരോപിച്ചു.
Also Read: മുകേഷിനോട് രാജി ആവശ്യപ്പെടില്ലെന്ന് സിപിഎം: സിപിഐയിൽ അഭിപ്രായ ഭിന്നത രൂക്ഷം
കോൺഗ്രസ് എംഎൽഎമാർക്കെതിരെ ആരോപണം വന്നപ്പോൾ തന്നെ നടപടി എടുത്തു. അതും ഇതുമായി താരതമ്യം ചെയ്യരുത്. എത്ര കേസുകളാണ് ഓരോ ദിവസവും വരുന്നത്. ഉമ്മൻചാണ്ടി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയവരല്ലേ സിപിഎം എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സിനിമാ നയ കമ്മിറ്റിയോട് ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കാൻ നിർദേശിച്ചിരുന്നു. അപ്പോൾ മുകേഷ് അടക്കമുള്ള ആളുകൾ അത് വായിച്ചിട്ടുണ്ടാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഹേമ കമ്മിറ്റി വിഷയത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും പ്രതികളുടെ പേര് പുറത്തുവരാതിരിക്കാൻ വേണ്ടി നാലര കൊല്ലമായി പെടാപ്പാട് പെടുകയാണ് സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.
Also Read: മുകേഷ് രാജിവെക്കണം; കൊല്ലത്ത് കോഴികളുമായി പ്രതിഷേധിച്ച് യുവമോർച്ച
മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി സംഘടനകളടക്കം രംഗത്തെത്തിയെങ്കിലും മുകേഷിനോട് രാജി ആവശ്യപ്പെടില്ലെന്നാണ് സിപിഎം തീരുമാനം. സിപിഐ ദേശീയ നേതൃത്വത്തിൻ്റെയടക്കം എതിർപ്പ് അവഗണിച്ചാണ് രാജി ആവശ്യത്തിലുള്ള സിപിഎം നിലപാട്.
മുകേഷിനെതിരെ മൂന്നോളം പേരാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പരാതി നൽകിയവരുടെ മൊഴി എടുക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. അതേസമയം, ആരോപണങ്ങൾ ബ്ലാക്ക് മെയിലിങാണെന്നാണ് മുകേഷിൻ്റെ വാദം.