രഞ്ജിത്തിനെ ഉടനടി പദവിയിൽ നിന്ന് മാറ്റണം, ഇരയുടെയും സാക്ഷിയുടെയും മൊഴിയെടുക്കണം; ആനി രാജ

പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തണം
രഞ്ജിത്തിനെ ഉടനടി പദവിയിൽ നിന്ന് മാറ്റണം, ഇരയുടെയും സാക്ഷിയുടെയും മൊഴിയെടുക്കണം; ആനി രാജ
Published on


ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് ആനി രാജ. രഞ്ജിത്തിനെ ഉടനടി പദവിയിൽ നിന്ന് മാറ്റണം. പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തണം. ഇരയുടെയും സാക്ഷിയുടെയും മൊഴിയെടുക്കണമെന്നും ആനി രാജ മലയാളം ന്യൂസ് മലയാളത്തോട് പറഞ്ഞു.

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത് ബാലകൃഷ്ണനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സ്ത്രീപക്ഷ പ്രവര്‍ത്തകരും സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.

പൊതു സമൂഹത്തോടും മാധ്യമ സമൂഹത്തോടും അധികാരഗർവ്വോടും ധാർഷ്ട്യത്തോടുമുള്ള രഞ്ജിത്തിന്റെ ഇടപെടലുകൾ കുപ്രസിദ്ധമാണ്. തൊഴിൽ ചെയ്യാൻ വന്ന സ്ത്രീയോട് അവരുടെ അന്തസിനേയും അഭിമാനത്തേയും ക്ഷതമേല്പിച്ച് കൊണ്ട് നടത്തിയ അതിക്രമമാണ് വൈകിയെങ്കിലും പുറത്തായത് എന്ന് പ്രസ്താവനയിൽ പറയുന്നു.

കുറ്റവാളിയായ രഞ്ജിത്തിനെ തൽസ്ഥാനത്ത് നിന്ന് നീക്കി, സർക്കാർ അടിയന്തര നിയമ നടപടി സ്വീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം കേരളത്തിലെ നീതിബോധമുള്ള സ്ത്രീകൾ അക്കാദമിക്ക് മുന്നിൽ സത്യാഗ്രഹമിരിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച നടിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. നടിക്ക് പരാതിപ്പെടാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകും. തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ അത്തരത്തിലുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും വീണ ജോർജ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com