
സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ കേന്ദ്ര കമ്മറ്റിയംഗം എ.കെ. ബാലന് വിമർശനം. എ.കെ. ബാലന്റെ വിവാദ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നാണ് വിമർശനം. സിപിഎം കേന്ദ്ര കമ്മറ്റിയംഗം എ.കെ. ബാലന്റെ രണ്ട് പ്രസ്താവനകൾക്കെതിരെയാണ് സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനമുന്നയിച്ചത്.
സന്ദീപ് വാര്യർ, ബിജെപിയുമായി ഭിന്നതയിൽ നിൽക്കുമ്പോൾ പുകഴ്ത്തിയതും, പാർട്ടിയിലേക്ക് വന്നാൽ ക്രിസ്റ്റൽ ക്ലിയറുള്ള സഖാവാകുമെന്ന പ്രസ്താവനയും ശരിയായില്ല എന്നാണ് വിമർശനം. ഒടുവിൽ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയപ്പോൾ പരിഹാസ്യമായി എന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. വെള്ളം തിളയ്ക്കുന്നതിന് മുൻപ് അരിയിട്ട പോലെയാണ് എ.കെ. ബാലന്റെ പ്രസ്താവനയെന്നും അംഗങ്ങൾ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ മരപ്പട്ടി, ഈനാംപേച്ചി പ്രസ്താവനയും പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും പ്രതിനിധികൾ വിമർശിച്ചു.
അച്ചടക്ക നടപടി നേരിട്ട പി.കെ. ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നിട്ടുണ്ട്. വിവാദമായ എലപ്പുള്ളി മദ്യകമ്പനിയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് അംഗങ്ങൾ ആവശ്യമുയർത്തി. ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അത് ബാധിക്കുമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. നാളെയാണ് സമ്മേളനം സമാപിക്കുക.