ഭരണഘടനാ വിരുദ്ധപ്രസംഗവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ രാജിവേക്കേണ്ടതില്ലെന്ന് സിപിഎം. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ സജി ചെറിയാന്‍ രാജിവേക്കണ്ടിവരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷം രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെക്കേണ്ടതില്ലെന്ന് സെക്രട്ടറിയേറ്റ് തീരുമാനം എടുത്തിരിക്കുന്നത്.
ധാര്‍മികത മുന്‍നിര്‍ത്തി വിവാദത്തില്‍ ഒരിക്കല്‍ രാജി വെച്ചതാണെന്നും അതിനാല്‍ ഒരിക്കല്‍ കൂടി സജി ചെറിയാന്‍ രാജി വയ്‌ക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. കേസും തുടര്‍നടപടികളും സംബന്ധിച്ച് നിയമോപദേശം തേടും. കേസില്‍ തുടരന്വേഷണം നടക്കട്ടെ എന്ന നിലപാടിലാണ് സിപിഎം. ഈ വിഷയത്തില്‍ ധാര്‍മിക പ്രശ്‌നമില്ലെന്നും രാജിവെക്കില്ലെന്നും അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു സജി ചെറിയാനും കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
2022ല്‍ മല്ലപ്പള്ളിയില്‍ നടന്ന പൊതു ചടങ്ങില്‍ പ്രസംഗിക്കവേയാണ് സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയത്. മന്ത്രിയുടെ പ്രസംഗത്തില്‍ ഭരണഘടനയോട് ബഹുമാനക്കുറവില്ലെന്ന് ഡിജിപി ടിഎ ഷാജി വാദിച്ചിരുന്നു.
ALSO READ: ''ധാർമിക പ്രശ്നങ്ങൾ ഇല്ല''; രാജി വെക്കില്ലെന്ന് സജി ചെറിയാൻ
ഇതിന് മുമ്പ് കേസ് പരിഗണിക്കവേ പ്രസംഗത്തില്‍ സജി ചെറിയാന്‍ ഉദ്ദേശിച്ച കുന്തം കുടച്ചക്രം എന്തെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സംവാദമാകാം, പക്ഷേ ഭരണഘടനയുടെ അന്തസ്സത്തയോട് വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്നും കോടതി ചോദ്യം ഉന്നയിച്ചിരുന്നു. പ്രസംഗിച്ചയാള്‍ ഉദ്ദേശിച്ചില്ലെങ്കില്‍ പോലും പറയുന്ന വാക്കുകള്‍ ചിലപ്പോള്‍ ബഹുമാനക്കുറവ് സൃഷ്ടിക്കാം. മന്ത്രിയുടെ പ്രസംഗത്തില്‍ ബഹുമാനക്കുറവ് ധ്വനിപ്പിക്കുന്ന വേറെയും പരാമര്‍ശങ്ങള്‍ ഉണ്ടല്ലോ എന്നും കോടതി സൂചിപ്പിച്ചിരുന്നു. പ്രസംഗത്തിന്റെ പൂര്‍ണരൂപം പെന്‍ ഡ്രൈവിലാക്കി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നിലനില്‍ക്കില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പരാമര്‍ശവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം അവസാനിപ്പിച്ചുവെന്ന് അറിയിച്ചു കൊണ്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ അഡ്വ. ബൈജു നോയല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സജി ചെറിയാന്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ തന്റെ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താനെന്നുമായിരുന്നു സജി ചെറിയാന്റെ വിശദീകരണം. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കല്‍ ഉദ്ദേശിച്ചിട്ടേ ഇല്ലെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.
'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ' സജി ചെറിയാന്റെ ഈ പരാമര്‍ശമാണ് വിവാദമായത്.
ഭരണഘടനയുടെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദേശ്യമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭരണഘടനയെ അവഹേളിച്ചതിന്റെ പേരില്‍ മന്ത്രിക്കെതിരെ കേസെടുത്തത്.