ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എൽഡിഎഫ് സർക്കാർ നീങ്ങിയത് ശരിയായ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു
ആരോപണ വിധേയനായ മുകേഷിൻ്റെ രാജിയിൽ തിരക്കുകൂട്ടണ്ട, കാത്തിരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എൽഡിഎഫ് സർക്കാർ നീങ്ങിയത് ശരിയായ രീതിയിലാണെന്നും എൽഡിഎഫ് സർക്കാർ ഇരകൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗികാരോപണം ഉയർന്നു വന്നതിനു പിന്നാലെ മുകേഷ് എംഎൽഎ സ്ഥാനത്തു നിന്ന് രാജിവെക്കണമെന്നാവശ്യം ശക്തമാകുകയാണ്. ഇതിനിടയിലാണ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. ആരോപണം നേരിട്ടവർ മുൻപും പല പാർട്ടിയിൽ ഉണ്ടായിട്ടില്ലേ. അവരൊന്നും രാജിവെച്ചിരുന്നില്ല. അതിനാൽ മുകേഷിൻ്റെ രാജിയിൽ തിരക്കു കൂട്ടേണ്ടെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്.
READ MORE: സിനിമയെ പറ്റി ധാരണയുള്ള മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ട്, സജി ചെറിയാന്‍ വകുപ്പ് ഒഴിയണം : ആഷിഖ് അബു
മുകേഷിനെ സംരക്ഷിച്ച് സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബിയും രംഗത്തെത്തി. യുഡിഎഫ് എംപിമാർക്കും എംഎൽഎമാർക്കും എതിരെ സമാനമായ ആരോപണം ഉയർന്നു വന്നിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത ശ്രദ്ധ കൊല്ലം എംഎൽഎയുടെ കാര്യത്തിലുണ്ട്. ഇടതുപക്ഷത്തിനെതിരെ മാധ്യമങ്ങൾക്ക് പ്രത്യേക താല്പര്യമെന്നും എംഎൽഎക്കെതിരായ ആരോപണത്തിൽ സംസ്ഥാന നേതൃത്വം അഭിപ്രായം പറയുമെന്നും എം എ ബേബി പറഞ്ഞു.
മുകേഷിനെതിരെയുള്ള കേസ് നിസാരമെന്ന് പറയുകയല്ല. പാർട്ടിയുടെ ഘടകവുമായി ചർച്ച ചെയ്തതിനുശേഷം മാത്രമേ എനിക്ക് അഭിപ്രായം പറയാൻ സാധിക്കു. ഇപ്പോൾ ലോക്സഭയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ എംപിമാർക്കെതിരെ സമാനമായ ആക്ഷേപമുണ്ട്. അവർക്കൊന്നും എതിരെ കാണിക്കാത്തതാണു കൊല്ലം എംഎൽഎക്കെതിരെ കാണിക്കുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ആദ്യ വിഷയം ഉണ്ടായപ്പോൾ ജനപ്രിയനായ നടനെതിരെ പിണറായി സർക്കാർ നടപടി സ്വീകരിച്ചു. അയാൾ കുറെക്കാലം ജയിലിൽ കഴിഞ്ഞു. മാധ്യമങ്ങൾ അതൊന്നും കാണിക്കുന്നില്ല. അന്ന് വനിതാ ചലച്ചിത്ര പ്രവർത്തകർ നൽകിയ നിവേദനത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്നും എംഎ ബേബി പറഞ്ഞു.
READ MORE: "മുകേഷിൻ്റെ രാജിയാണ് ആവശ്യമെങ്കിൽ ആദ്യം കോൺഗ്രസ് എംഎൽഎമാർ രാജി വെക്കണം": ഇ.പി. ജയരാജൻ
അതേസമയം, മുകേഷിൻ്റെ രാജിയെ തള്ളി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും രംഗത്തെത്തിയിരുന്നു. മുകേഷിൻ്റെ രാജിയാണ് ആവശ്യമെങ്കിൽ, ആദ്യം സമാന ആരോപണം നേരിട്ട കോൺഗ്രസ് എംഎൽഎമാർ രാജിവയ്ക്കണം. എല്ലാ എംഎൽഎമാർക്കും ഒരേ നിയമമാണെന്നും രണ്ട് എംഎൽഎമാർ രാജിവച്ചാൽ മൂന്നാമത്തെയാൾക്കും രാജിവെക്കേണ്ടി വരുമെന്നും ഇ. പി ജയരാജൻ പറഞ്ഞിരുന്നു. യുഡിഎഫ് എംഎൽഎമാരായ എം. വിൻസൻ്റ്, എൽദോസ് കുന്നപ്പള്ളി എന്നിവർക്കെതിരെ മുൻപ് ഉയർന്ന ലൈംഗികാരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജൻ്റെ പ്രസ്താവന. എന്നാൽ മുകേഷിൻ്റെ രാജി പാർട്ടി ചോദിച്ച് വാങ്ങണമെന്നും മറ്റ് പാർട്ടിയിലെ അംഗങ്ങൾ രാജിവെക്കാൻ കാത്തുനിൽക്കേണ്ടെന്നുമാണ് സിപിഐ നേതാവ് ആനി രാജയുടെ നിലപാട്.