'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും കയറ്റാതിരിക്കാന്‍ രാജ്ഭവനെന്താ അമ്പലമാണോ? ഭയപ്പെടുത്തലൊന്നും ഇങ്ങോട്ട് വേണ്ട'

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ സര്‍ക്കാരും രാജ്ഭവനും തമ്മില്‍ പോര് കടുപ്പിച്ച സാഹചര്യത്തിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം
'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും കയറ്റാതിരിക്കാന്‍ രാജ്ഭവനെന്താ അമ്പലമാണോ? ഭയപ്പെടുത്തലൊന്നും ഇങ്ങോട്ട് വേണ്ട'
Published on


മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ പോരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ കെയര്‍ ടേക്കര്‍ ഗവര്‍ണര്‍ മാത്രമാണ്. ഗവർണറുടെ ഭയപ്പെടുത്തലൊന്നും ഇങ്ങോട്ട് വേണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ സര്‍ക്കാരും രാജ്ഭവനും തമ്മില്‍ പോര് കടുപ്പിച്ച സാഹചര്യത്തിലായിരുന്നു പാർട്ടി സെക്രട്ടറിയുടെ പ്രതികരണം.

ഭരണഘടനാ വിരുദ്ധമായ നിലപാടുകളാണ് ഗവർണറുടെ ഭാഗത്ത് നിന്ന് നിരന്തരമുണ്ടാകുന്നത്. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ് ഭവനിൽ ഇനി പ്രവേശിപ്പിക്കില്ലെന്ന ഗവർണറുടെ പ്രഖ്യാപനത്തെ 'രാജ്ഭവൻ എന്താ അമ്പലമാണോ, കൂടുതൽ കാണിക്കാതെ ഇരിക്കുന്നതാണ് ഗവർണർക്ക് നല്ലത്. വയസ്സായില്ലേ' എന്നാണ് എം.വി ഗോവിന്ദന്‍ പരിഹസിച്ചത്.

സ്വര്‍ണക്കടത്ത് തടയേണ്ടത് കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന രീതിയിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് എല്ലാവര്‍ക്കും അറിയാം. തെറ്റായ പ്രചാരണമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ നടത്തി വരുന്നത്. മലപ്പുറം വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടും അത് മനസ്സിലായാലും ഇല്ലെങ്കിലും തെറ്റായ പ്രചാരവേല തന്നെയാണ് ഗവര്‍ണര്‍ നടത്തികൊണ്ടിരിക്കുന്നത്. ഞാന്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത് സര്‍ക്കാരിനെ എന്തോ ചെയ്യുമെന്ന് രീതിയില്‍ ഗര്‍ജനവും ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

പി.വി. അൻവറിനെ നായകനാക്കി നടത്തിയ നാടകമെല്ലാം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു. തൃശൂർ പൂരം കലക്കിയത് ആരെന്നത് ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെ എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റി. ആ സ്ഥാനമാറ്റത്തോടെ എല്ലാം അവസാനിച്ചെന്ന് കരുതേണ്ടതില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി, അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള മറ്റ് ആരോപണങ്ങളിലും എം.ആർ. അജിത് കുമാറിനെതിരെ അന്വേഷണം തുടരുകയാണെന്നതും സൂചിപ്പിച്ചു. സ്വർണക്കള്ളക്കടത്തിൽ മുസ്ലിം ലീഗിനുള്ള ബന്ധം പുറത്തുവന്നതോടെ കള്ളക്കടത്തുകാരെ ചിറകിന് അടിയിൽ സംരക്ഷിക്കുന്നത് ആരെന്ന് വ്യക്തമായെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെ ഉയർന്ന കാസ്റ്റിംഗ് കൗച്ച് ആരോപണത്തിന് മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദ ഹിന്ദുവിലെ അഭിമുഖത്തിൽ വിവാദ പരാമർശം കടന്നുകൂടിയതിൽ മറ്റ് പരിശോധനകളുടെ ആവശ്യമില്ലെന്നും ഖേദപ്രകടനത്തോടെ ആ വിവാദം അവസാനിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറ‍ഞ്ഞു. പി.ആർ എജൻസിയെ കുറിച്ച് ഹിന്ദു നല്കിയ വിശദീകരണം നിഷേധിച്ച എം.വി. ഗോവിന്ദൻ, ടി.കെ ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യമല്ല വിവാദ കുറിപ്പ് ഹിന്ദുവിന് നൽകിയതെന്നും അവകാശപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com