
കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിനെ ചൊല്ലി തർക്കം. വൈസ് ചാൻസിലറും സിപിഎം അംഗങ്ങളും തമ്മിൽ കനത്ത വാക്കേറ്റം നടന്നു. തെരഞ്ഞെടുപ്പ് പൂർത്തിയായതിനാൽ വോട്ടെണ്ണണമെന്ന് സിപിഎം അംഗങ്ങളും, വോട്ടെണ്ണാൻ കഴിയില്ലെന്ന് വൈസ് ചാൻസിലറും അറിയിച്ചത് തർക്കത്തിന് കാരണമായി.
അതേസമയം, വിദ്യാർഥി പ്രതിനിധികളുടെ വോട്ടിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വോട്ടെണ്ണൽ നടത്താമെന്ന് റിട്ടേണിംഗ് ഓഫീസർ ആയ രജിസ്ട്രാർ പറഞ്ഞെങ്കിലും കോടതി നിർദേശത്തോടെ അല്ലാതെ വോട്ടെണ്ണില്ലായെന്ന് വി.സി പ്രതികരിച്ചു.
ഒരു മണിക്ക് കൗണ്ടിങ്ങ് ആരംഭിക്കേണ്ടതാണെന്നും എന്നാൽ വി.സി വോട്ട് എണ്ണാൻ സാധിക്കില്ലെന്നാണ് പറയുന്നതെന്നും സിൻഡിക്കേറ്റ് അംഗം മുരളീധരൻ ആരോപിച്ചു. "ഹൈക്കോടതിയുടെ വിധിയെ പോലും അംഗീകരിക്കുന്നില്ല. റിട്ടേണിങ് ഓഫീസറായ രജിസ്ട്രാർ ഉൾപ്പടെ കൃത്യമായി എണ്ണാം എന്നാണ് പറയുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്," മുരളീധരൻ പറഞ്ഞു.
അതേസമയം, വിദ്യാർഥികൾ വിസിയെ ഉപരോധിക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സർവകലാശാലയുടെ ഗേയ്റ്റ് പൂട്ടി. സർവകലാശയുടെ ഗേയ്റ്റ് തുറക്കാൻ എസ്എഫ്ഐ പ്രവർത്തകരും ശ്രമിച്ചു. പിന്നാലെ പൊലീസും വിദ്യാർഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.