
അറബിക്കടലിൽ മുങ്ങിയ ചരക്ക് കപ്പലിലെ കണ്ടെയ്‌നറുകൾ നീക്കം ചെയ്യുന്നതിൽ പ്രതിസന്ധി. ശക്തമായ തിരമാലയാണ് തുടർനടപടിക്ക് തിരിച്ചടിയായത്. ശക്തികുളങ്ങരയിൽ അടിഞ്ഞ കണ്ടെയ്നറുകൾ കടൽ മാർഗം മാറ്റാനാണ് ഇപ്പോൾ ആലോചന. കണ്ടെയ്നറുകൾ കൊല്ലം ഹാർബറിൽ എത്തിക്കാനും തീരുമാനമായി.
ജില്ല കളക്ടറുമായുള്ള ചർച്ചയ്ക്കു ശേഷമാകും ശക്തികുളങ്ങരയിലെ കണ്ടെയ്നറുകൾ കടൽ മാർഗം മാറ്റാനുള്ള കാര്യത്തിൽ തീരുമാനമാകുക. ഇതിനായി എൻ ഡിആർ എഫ് സംഘം ശക്തികുളങ്ങരയിലെത്തിയിട്ടുണ്ട്. ചരക്കുകൾ നീക്കം ചെയ്യാനായി എൻഡിആർഫിൻ്റെ ഒരു സംഘം കൂടി എത്തുമെന്ന് എൻഡിആർഎഫ് ഇൻസ്പെക്ടർ കലൈ അരശൻ വ്യക്തമാക്കി. നീണ്ടകര ഹാർബറിൽ പരിശോധന നടത്തിയിരുന്നു. കണ്ടെയ്നറുകൾ എത്താൻ സാധ്യതയുള്ളയിടങ്ങളെല്ലാം നിരീക്ഷിക്കും. കണ്ടെയ്നറുകൾ നീക്കം ചെയ്യുന്ന കാര്യം ജില്ല കളക്ടറുമായി കൂടിയാലോചന നടത്തുമെന്നും ഇൻസ്പെക്ടർ കലൈ അരശൻ കൂട്ടിച്ചേർത്തു.
640 കണ്ടെയ്നറുകളാണ് മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്നത്. ഇതില്‍ 13 എണ്ണത്തിൽ ഹാനികരമായ വസ്തുക്കളും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡും ആയിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിൽ ഒമ്പതോളം കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. അപകടത്തേ തുടർന്ന്, കടലിൽ ഏതാണ്ട് 3.7 കിലോമീറ്റർ (2 നോട്ടിക്കൽ മൈൽ) വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപടർന്നതായാണ് റിപ്പോർട്ട്. കപ്പൽ ഉയർത്താൻ കഴിയുമോ ഉപേക്ഷിക്കേണ്ടി വരുമോ തുടങ്ങിയ സാധ്യതകൾ കപ്പൽ കമ്പനിയുടെ നേതൃത്വത്തിൽ പരിശോധിച്ച് വരികയാണ്.
ഇന്നലെ രാവിലെയോടെയാണ് കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ എംഎസ്‌സി എലിസ 3 കപ്പൽ മുങ്ങിയത്. യന്ത്രത്തകരാറും, കാലാവസ്ഥയുമാണ് കപ്പൽ തകരാൻ കാരണമെന്ന് കപ്പലിൻ്റെ ക്യാപ്റ്റൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പൽ മെയ് 24നാണ് കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ടത്. തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) തെക്കു പടിഞ്ഞാറായാണ് കപ്പൽ ചെരിഞ്ഞത്. കപ്പല്‍ ക്രൂവിനെ മുഴുവന്‍ രക്ഷിച്ചിരുന്നു.