കനത്ത മഴയ്‌ക്കൊപ്പം ഗുജറാത്തിനെ വലച്ച് മുതലകൾ; 5 ദിവസത്തിനിടെ പിടികൂടിയത് 10 മുതലകളെ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോഡുകളിലും പാർക്കുകളിലും കൂടാതെ സർവകലാശാല പരിസരത്ത് നിന്നും വീടിൻ്റെ മേൽക്കൂരയിൽ നിന്നുമായാണ് മുതലകളെ പിടികൂടിയത്
കനത്ത മഴയ്‌ക്കൊപ്പം ഗുജറാത്തിനെ വലച്ച് മുതലകൾ; 5 ദിവസത്തിനിടെ പിടികൂടിയത് 10 മുതലകളെ
Published on


ഗുജറാത്തിൽ കനത്ത മഴ തുടരുന്നതോടെ വെള്ളപ്പൊക്കത്തിന് പുറമെ മുതലകളെ കൂടി പേടിക്കേണ്ട അവസ്ഥയിലാണ് ഗുജറാത്തിലെ വഡോദര നിവാസികൾ. കനത്ത മഴയിൽ നഗരത്തിലൂടെ ഒഴുകുന്ന വിശ്വാമിത്രി നദി കരകവിഞ്ഞൊഴുകിയതോടെ മുതലകൾ ജനവാസ മേഖലയിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10 മുതലകളെ പിടികൂടിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

മഴക്കാലമായാൽ മുതലകൾ കരക്കെത്തുന്നത് വിശ്വാമിത്രി നദിതീരത്ത് താമസിക്കുന്നവർക്ക് ഒരു  സ്ഥിരം കാഴ്ചയാണ്. മഴക്കാലത്ത് നദിയിലെ ജലനിരപ്പ് ഉയരുന്നോടെയാണ് മുതലകൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോഡുകളിലും പാർക്കുകളിലും സർവകലാശാല പരിസരത്ത് നിന്നും വീടിൻ്റെ മേൽക്കൂരയിൽ നിന്നുമെല്ലാമായാണ് മുതലകളെ പിടികൂടിയത്.

10 മുതൽ 15 അടി വരെ നീളമുള്ള മുതലകളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. പിടികൂടിയ 10 മുതലകളിൽ രണ്ടെണ്ണത്തെ നദിയിലേക്ക് തിരികെവിട്ടു. ബാക്കി എട്ടെണ്ണത്തെ ജലനിരപ്പ് കുറയുന്നതനുസരിച്ച് മോചിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വിശ്വാമിത്രി നദിയിൽ ഏകദേശം 300ഓളം മുതലകളുണ്ടെന്നാണ് പറയപ്പെടുന്നത്. നദീതീര പ്രദേശങ്ങളിൽ നിന്ന് മുതലകളെ പിടികൂടുന്നത് സ്ഥിരമായ കാഴ്ചയാണെങ്കിലും മഴക്കാലത്ത് ഇത് ഗണ്യമായി വർധിക്കും. ജൂണിൽ നാല് മുതലകളെയാണ് രക്ഷപ്പെടുത്തി നദിയിലേക്ക് തിരികെ അയച്ചത്. ജൂലൈയിൽ 21 മുതലകളെ പിടികൂടിയെന്നാണ് റിപ്പോർട്ട്.

അതേസമയം, ഗുജറാത്തിൽ തുടരുന്ന ഗുജറാത്തിൽ കനത്ത മഴയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 28 പേരാണ് മരിച്ചത്. 17,800 പേരെ ദുരന്തബാധിത മേഖലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രളയം മൂലം ഒറ്റപ്പെട്ട 95 പേരെ എൻഡിആർഎഫ് രക്ഷപെടുത്തി. 5000ത്തോളം പേരെ പുനരധിവസിപ്പിച്ചെന്നും 12,000 പേരെ രക്ഷപെടുത്തിയെന്നും ആരോഗ്യമന്ത്രി റിഷികേശ് പാട്ടീൽ അറിയിച്ചു.

പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി മോദി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും റിപ്പോർട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com