പല കേസുകളിലും താൻ ഇഡിക്ക് വേണ്ടി ഇടനിലക്കാരനായിട്ടുണ്ടെന്നും, ഇഡി മാത്രമല്ല ആദായനികുതി വകുപ്പുമായും നല്ല ബന്ധമാണെന്നും വിൽസൺ പരാതിക്കാരനോട് സംഭാഷണത്തിൽ പറയുന്നുണ്ട്
ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ ഇഡിയും വിജിലൻസും നേർക്കുനേർ. കൈക്കൂലി കേസിൽ ഇഡിക്കെതിരെ നിർണായക നീക്കമാണ് വിജിലൻസ് നടത്തുന്നത്. കേസിലെ പ്രതി അനീഷ് ബാബുവിനെതിരെ ഇഡി രജിസ്റ്റർ ചെയ്ത കേസിന്റെ വിശദാംശങ്ങൾ വിജിലൻസ് ഉദ്യോഗസ്ഥർ തേടി. കൈക്കൂലി കേസിന്റെ ഫയൽ ആവശ്യപ്പെട്ട് ഇഡിയും വിജിലൻസിന് കത്ത് നൽകി.
കേസിലെ ഒന്നാം പ്രതി ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരായ ഡിജിറ്റൽ തെളിവുകൾ സമാഹരിക്കുന്നത് വൈകുന്നതാണ് അറസ്റ്റ് വൈകാൻ കാരണം. അഴിമതിക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിലാണ് വിജിലൻസ്. 2, 3, 4 പ്രതികളുടെ കസ്റ്റഡി നീട്ടി കിട്ടാത്തത് തിരിച്ചടിയായി കാണുന്നില്ലെന്നും വിജിലൻസ് എസ്പി പറഞ്ഞു. ഇന്നലെ ജാമ്യം ലഭിച്ച മൂന്ന് പ്രതികളും ഇന്ന് കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി.
അതിനിടെ 30 ലക്ഷം രൂപ അഡ്വാൻസ് നൽകിയാൽ കേസ് ഒതുക്കി തീർക്കാമെന്ന് രണ്ടാം പ്രതി വിൽസൺ പരാതിക്കാരനോട് പറയുന്ന ശബ്ദരേഖ പുറത്തുവന്നു. പല കേസുകളിലും താൻ ഇഡിക്ക് വേണ്ടി ഇടനിലക്കാരനായിട്ടുണ്ടെന്നും, ഇഡി മാത്രമല്ല ആദായനികുതി വകുപ്പുമായും നല്ല ബന്ധമാണെന്നും വിൽസൺ പരാതിക്കാരനോട് പറയുന്നുണ്ട്.
ALSO READ: "മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു"; വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് ബിജെപി കൗൺസിലർ
നിരപരാധിയെന്നും ഗൂഢ ഉദ്ദേശത്തോടെയാണ് ആരോപണങ്ങളെന്നും വ്യക്തമാക്കി ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നൽകി. കേസില്‍ അറസ്റ്റിലായ ഇടനിലക്കാരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശേഖര്‍ കുമാര്‍ മുൻകൂർ ജാമ്യപേക്ഷയിൽ വ്യക്തമാക്കി.
കശുവണ്ടി വ്യാപാരിയുടെ കേസ് ഒതുക്കിത്തീർക്കാന്‍ കൈക്കൂലി വാങ്ങാൻ ശ്രമിച്ച കേസിലാണ് ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. ഇടനിലക്കാർ മുഖേന ഇയാൾ രണ്ട് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് കണ്ടെത്തൽ. വിൽസൺ, മുകേഷ് കുമാർ, രഞ്ജിത്ത് വാര്യർ എന്നിവരെ കൈക്കൂലി വാങ്ങാനായി ഇടനിലക്കാരായി പ്രവർത്തിച്ചതിനാണ് അറസ്റ്റ് ചെയ്തത്.