നിഗൂഢമായ അല്‍കട്രാസിനെ കുറിച്ചും അവിടുന്ന് രക്ഷപ്പെട്ട ഫ്രാങ്ക് മോറിസിന്റെയും അതിസാഹസിക കഥ
ക്ലിന്റ് ഈസ്റ്റ് വുഡ് നായകനായി 1979 ല്‍ പുറത്തിറങ്ങിയ സിനിമയുണ്ട്, എസ്‌കേപ്പ് ഫ്രം അല്‍കട്രാസ്. കാംപെല്‍ ബ്രൂസ് എഴുതി 1963 ല്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള നോണ്‍ഫിക്ഷനെ അടിസ്ഥാനപ്പെടുത്തി ഡോണ്‍ സീഗല്‍ ആണ് സിനിമ സംവിധാനം ചെയ്തത്.
അമേരിക്കയിലെ കുപ്രസിദ്ധമായ അല്‍കട്രാസ് ജയിലില്‍ നിന്നും ഫ്രാങ്ക് മോറിസ് എന്ന തടവുകാരന്‍ രക്ഷപ്പെടുന്ന കഥയാണ് സിനിമ പറയുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന ഈ സംഭവം വീണ്ടും ചര്‍ച്ചയാകുകയാണ്, അതിന് കാരണക്കാരനായത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം നടത്തിയ പല പ്രഖ്യാപനങ്ങളില്‍ ഒന്ന് ആറ് പതിറ്റാണ്ടായി അടഞ്ഞു കിടക്കുന്ന ഈ ജയില്‍ വീണ്ടും തുറക്കും എന്നതായിരുന്നു.
ട്രംപിന്റെ പല പ്രഖ്യാപനങ്ങള്‍ പോലെ ഇതും അമേരിക്കയും ലോകവും കേട്ടത് അല്‍പം അമ്പരപ്പോടെയും ആശ്ചര്യത്തോടെയുമാണ്...വെള്ള സ്രാവുകളാല്‍ നിറഞ്ഞ പ്രക്ഷുബ്ധമായ കടലിനാല്‍ ചുറ്റപ്പെട്ട, രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗങ്ങളുമില്ലാത്ത, ക്രൂരമായ രീതിയില്‍ മനുഷ്യരെ പാര്‍പ്പിച്ചിരുന്ന ദി റോക്ക് എന്നറിയപ്പെടുന്ന അല്‍കട്രാസ് ജയില്‍.
കനത്ത സുരക്ഷയുള്ള ജയിലില്‍ നിന്ന് രക്ഷപ്പെട്ടാലും ചുറ്റുമുള്ള കടല്‍ കടന്ന് പുറംലോകത്തെത്താന്‍ ആര്‍ക്കും കഴിയില്ല. അതാണ് അല്‍കട്രാസിന്റെ പ്രത്യേകത. എങ്കിലും ജയില്‍ ചാട്ടങ്ങള്‍ ഇടക്കിടെ ഇവിടെ നടന്നിരുന്നു. 1934 മുതല്‍ ജയില്‍ അടച്ചു പൂട്ടുന്ന 1963 വരെയുള്ള 29 വര്‍ഷത്തിനിടയില്‍ പതിനാല് ജയില്‍ചാട്ട ശ്രമങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. 34 തടവുകാരാണ് ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇവരെല്ലാം ഒന്നുകില്‍ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ കടലില്‍ മുങ്ങി മരിക്കുകയോ ആണുണ്ടായത്.
എന്നാല്‍, ഇതിലൊന്നും പെടാത്ത, ഒരു പേരുണ്ട്, അതാണ് ആദ്യം പറഞ്ഞ ഫ്രാങ്ക് മോറിസ്, ജയില്‍ ഉദ്യോഗസ്ഥരെ അതി സമര്‍ത്ഥമായി കബളിപ്പിച്ച് അല്‍കട്രാസില്‍ നിന്ന് രക്ഷപ്പെട്ട തടവുകാരന്‍. അല്‍കട്രാസില്‍ നിന്ന് പുറത്തുചാടിയ മോറിസിനേയും മറ്റ് രണ്ടു പേരെയും കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. ഇവര്‍ കടലില്‍ മുങ്ങി മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇതൊന്നും സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ ഇന്നുവരെ ലഭിച്ചിട്ടില്ല.
ALSO READ: സോവിയറ്റ് സൈനികരെ അന്യഗ്രഹ ജീവികള്‍ കല്ലാക്കി മാറ്റിയോ?
1962 ജൂണ്‍ 11 നാണ് ഫ്രാങ്ക് മോറിസും, സഹോദരങ്ങളായ ക്ലറന്‍സ് ആംഗ്ലിന്‍, ജോണ്‍ ആംഗ്ലിന്‍ എന്നിവര്‍ അല്‍കട്രാസില്‍ നിന്നും പുറത്തു കടക്കുന്നത്. കടല്‍ കടക്കാനുള്ള റാഫ്റ്റുകളും ജയില്‍ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനായി സിമന്റും മുടിയും കൊണ്ട് മനുഷ്യ ശരീരം എന്ന് തോന്നിപ്പിക്കുന്ന രൂപവുമെല്ലാം മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പില്‍ ഇവര്‍ ഒരുക്കി. ഒടുവില്‍ സെല്ലിന്റെ വെന്റിലേറ്റര്‍ തകര്‍ത്ത് ജയിലിന്റെ മേല്‍ക്കൂരയില്‍ കയറി തണുത്തുറഞ്ഞ പ്രക്ഷുബ്ധമായ സാന്‍ ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലിലേക്ക് അവര്‍ എടുത്തു ചാടി.
സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് സമീപത്തുള്ള കാലിഫോര്‍ണിയ ദ്വീപിലാണ് അല്‍കട്രാസ് ജയില്‍ സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ കൊടും കുറ്റവാളികളെന്ന് പറയുന്നവരെ പാര്‍പ്പിച്ചിരുന്ന ഈ ജയില്‍ നടത്തിപ്പിനുള്ള ഭാരിച്ച ചെലവ് ചൂണ്ടിക്കാട്ടിയാണ് 1963 ല്‍ അടച്ചുപൂട്ടുന്നത്.
അമേരിക്ക കുറ്റവാളികളെ കൊണ്ട് നിറയുകയാണെന്നും ഇവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അല്‍കട്രാസ് വീണ്ടും തുറക്കുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം. അതിനൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്ത ഒരു കാര്യം കൂടിയുണ്ട്, 'ആരും ഇതുവരെ അല്‍കട്രാസില്‍ നിന്ന് രക്ഷപ്പെട്ടില്ല' എന്ന്...
ഇതോടെയാണ് മോറിസിന്റെയും സംഘത്തിന്റേയും ജയില്‍ ചാട്ടത്തെ കുറിച്ച് ചരിത്രകാരന്മാരും മാധ്യമങ്ങളും വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇവര്‍ ജയിലില്‍ നിന്ന് പുറത്തുചാടിയതിന് തെളിവുകളുണ്ട്, എന്നാല്‍, ഇവരെ പിടികൂടിയതിനോ കൊലപ്പെടുത്തിയതിനോ മരണപ്പെട്ടതിനോ സ്ഥിരീകരിക്കാവുന്ന യാതൊരു തെളിവുമില്ല.
മോറിസും സംഘവും രക്ഷപ്പെട്ടെന്നും സര്‍ക്കാരിന്റേയും നിയമത്തിന്റേയും കണ്ണുവെട്ടിച്ച് അവര്‍ മറ്റൊരു പേരില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോയെന്നാണ് ഇവരുടെ കുടുംബം പോലും വിശ്വസിക്കുന്നത്.
ALSO READ: മനുഷ്യനോ പ്രകൃതിയോ അതോ അന്യഗ്രഹ ജീവിയോ? കടലിലെ കടങ്കഥയായി യോനാഗുനി
ഫ്രാങ്ക് മോറിസിനെ കുറിച്ച്:
ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട മോറിസിന്റെ ബാല്യം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. കുട്ടിക്കാലത്തു തന്നെ ചെറിയ മോഷണങ്ങള്‍ തുടങ്ങിയ മോറിസ് സാമൂഹിക സാഹചര്യങ്ങളില്‍ സ്വാഭാവികമായും എത്തിപ്പെട്ടത് കുറ്റകൃത്യങ്ങളുടെ ലോകത്താണ്.
അതീവ ബുദ്ധിശക്തിയായിരുന്നു മോറിസിന്റെ സവിശേഷത. അയാളുടെ ഐക്യു 133 ആയിരുന്നുവെന്ന് രേഖകള്‍ പറയുന്നു. ചെറുതും വലുതുമായ നിരവധി കുറ്റകൃത്യങ്ങള്‍ക്കൊടുവിലാണ് മോറിസ് അല്‍കട്രാസില്‍ എത്തുന്നത്. അല്‍കട്രാസിലെത്തിയ മോറിസ് അവിടെ വെച്ച് സഹതടവുകാരായ ആംഗ്ലിന്‍ സഹോദരന്മാരെ പരിചയപ്പെടുന്നു. ഇവിടെ നിന്ന് ചരിത്ര പ്രസിദ്ധമായ എസ്‌കേപ്പിങ് ഫ്രം അല്‍കട്രാസ് ആരംഭിക്കുകയായി...
മൂവര്‍ സംഘം രക്ഷപ്പെട്ടെന്ന് മനസ്സിലായതോടെ, എഫ്ബിഐ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് അതിസമര്‍ത്ഥമായ പ്ലാനിങ്ങും അതിന്റെ എക്സിക്യൂഷനുമായിരുന്നു. ആറ് മാസം കൊണ്ട് നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് മൂന്നു പേരും ജയിലിന് പുറത്തേക്ക് കടന്നത്.
അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നു,
കടലില്‍ സര്‍വൈവ് ചെയ്യാനായി രഹസ്യമായി ഇവര്‍ റാഫ്റ്റ് ഉണ്ടാക്കി. അതിനായി സഹതടവുകാരുടെ റബര്‍ റെയിന്‍കോട്ടുകള്‍ മോഷ്ടിച്ചു. ഇതെല്ലാം ഒട്ടിച്ചു കൂട്ടി 14 അടി നീളത്തിലുള്ള ചങ്ങാടമുണ്ടാക്കി. ജയിലിന്റെ ചുമര് തുരക്കാനുള്ള ഇലക്ട്രിക് ഡ്രില്‍ ഉണ്ടാക്കിയത് വാക്വം ക്ലീനറിന്റെ മോട്ടറില്‍ നിന്നാണ്. സ്‌ക്രൂഡ്രൈവറായി ഉപയോഗിച്ചത് ജയിലിലെ അടുക്കളയില്‍ നിന്ന് മോഷ്ടിച്ച സ്പൂണുകളും. പുറത്തു കടന്നാല്‍ ചങ്ങാടം ഊതി വീര്‍പ്പിക്കണമല്ലോ, അതിനായി സംഗീത ഉപകരണമായ കോണ്‍സര്‍ട്ടീന (ശാമഴല), നമ്മുടെ അക്കോര്‍ഡിയന്‍ പോലുള്ള ഉപകരണവും സംഘടിപ്പിച്ചിരുന്നു. ജയിലിനുള്ളില്‍ നിന്ന് തരപ്പെടുത്തിയ തുണികള്‍ ചേര്‍ത്ത് ലൈഫ് ചെസ്റ്റും നിര്‍മിച്ചു.
ജയില്‍ ഉദ്യോഗസ്ഥരെ മോറിസും സംഘവും ബുദ്ധി സാമര്‍ത്ഥ്യം കൊണ്ട് കബളിപ്പിച്ച രീതി കണ്ടാണ് അന്വേഷണ സംഘം ഞെട്ടിയത്, തടവറിയില്‍ തങ്ങള്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനായി മനുഷ്യ രൂപത്തിലുള്ള നിര്‍മിതികളും ഇവര്‍ ഉണ്ടാക്കിയിരുന്നു. അതിനായി സിമന്റ് കഷ്ണങ്ങളും തുണികളും ജയിലിലെ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ശേഖരിച്ച മുടികളും ഉപയോഗിച്ച് മൂന്ന് ഡമ്മി തലകള്‍ തയ്യാറാക്കി.
മൂവര്‍ സംഘത്തെ കുറിച്ച്, എഫ്ബിഐ, യുഎസ് മാര്‍ഷല്‍, കോസ്റ്റ് ഗാര്‍ഡ് എന്നീ സംഘങ്ങള്‍ ദീര്‍ഘനാള്‍ അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. മരണവും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. രക്ഷപ്പെടുമ്പോള്‍ മോറിസിന്റേയും ആംഗ്ലിന്‍ സഹോദരന്മാരുടേയും പ്രായം മുപ്പതായിരുന്നുവെന്നാണ് രേഖകള്‍. 2013 ല്‍ മോറിസ് ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു കത്ത് എഫ്ഐബിഐക്ക് ലഭിച്ചിരുന്നു. എന്നാല്‍, അതിന്റെ ആധികാരികത സ്ഥിരീകരിക്കാനായില്ല.
മോറിസും കൂട്ടുകാരും ജീവനോടെ രക്ഷപ്പെട്ടോ അതോ മരിച്ചോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അന്വേഷണ സംഘങ്ങളെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത് ഇതായിരുന്നു, രക്ഷപ്പെടാനായി ഇവര്‍ നടത്തിയ തയ്യാറെടുപ്പുകളും അതിന്റെ രീതികളും അതിശയിപ്പിക്കുന്നതാണെന്ന്.
തടവുപുള്ളികളെ രക്ഷിക്കാന്‍ സഹായിച്ച മറ്റൊരു ഘടകം ജയിലിന്റെ ദുര്‍ബലാവസ്ഥയായിരുന്നു. കടലിന്റെ നടുവില്‍ ഉപ്പുകാറ്റേറ്റ് നില്‍ക്കുന്ന ജയില്‍ നിലനിര്‍ത്തിപ്പോരുക എന്നത് വലിയ ചെലവേറിയ കാര്യമായിരുന്നു. ഉപ്പ് കാറ്റേറ്റ് ജയിലിന്റെ മതിലുകള്‍ കാലക്രമത്തില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയായിരുന്നുവെന്നതും റിപ്പയര്‍ ജോലികളൊന്നും ആ സമയത്ത് നടത്തിയിട്ടില്ലെന്നതും മോറിസിന് കാര്യങ്ങള്‍ എളുപ്പമാക്കി.
തടവു പുള്ളികള്‍ രക്ഷപ്പെട്ടതിറിഞ്ഞ ഉടന്‍ അവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. അല്‍കട്രാസിനു ചുറ്റമുള്ള കടലില്‍ തിരച്ചില്‍ നടത്തി, തീരങ്ങളിലുള്ള പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കി. കോസ്റ്റ് ഗാര്‍ഡും ആര്‍മിയുമെല്ലാം ബോട്ടുകളും ഹെലികോപ്റ്ററുമൊക്കെയായി തിരച്ചില്‍ ആരംഭിച്ചു. അല്‍കട്രാസിന് തൊട്ട് വടക്കുള്ള ഏഞ്ചല്‍ ദ്വീപ് നൂറ് സൈനികരും 35 മിലട്ടറി പോലീസും ചേര്‍ന്നാണ് അരിച്ചുപെറുക്കിയത്. എന്നാല്‍, സംഘം ഇവിടെ എത്തിയെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്താനായില്ല.
അതീവ സുരക്ഷാ ജയിലില്‍ നിന്നും അതിവിഗ്ധമായി മൂവര്‍ സംഘം രക്ഷപ്പെട്ട വാര്‍ത്ത അന്ന് വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. മോറിസും സംഘവും ജീവനോടെ രക്ഷപ്പെട്ടുവെന്നതിനെ കുറിച്ച് സൂചന ലഭിക്കുന്നതും ആ സമയത്തു തന്നെയാണ്. അതിന്റെ തെളിവുകള്‍ ലഭിച്ചത്, ചുറ്റുമുള്ള ദ്വീപുകളില്‍ നിന്നല്ല, മറിച്ച് ഒരു കത്തിലൂടെയായിരുന്നു. അല്‍കട്രാസ് ജയില്‍ വാര്‍ഡന് വന്ന ആ പോസ്റ്റ്കാര്‍ഡില്‍ , ഞങ്ങള്‍ അത് ചെയ്തിരിക്കുന്നു എന്നായിരുന്നു എഴുതിയിരുന്നത്. ഒപ്പം മോറിസിന്റേയും ആഗ്ലിന്‍ സഹോദരന്‍മാരുടേയും ഒപ്പും. 1962 ജൂണ്‍ 18 ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നാണ് കത്ത് എത്തിയത്. ഇത് ഇവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ എഫ്ബിഐ കയ്യെഴുത്ത് വിദഗ്ധരെ വരെ എത്തിച്ചു. എന്നാല്‍, താരതമ്യം ചെയ്ത് നോക്കാന്‍ മോറിസിന്റേയും സംഘത്തിന്റേയും മതിയായ കൈയ്യക്ഷര സാമ്പിളുകള്‍ ഇല്ലായിരുന്നു. ഒടുവില്‍ ഇതൊരു തട്ടിപ്പായിരിക്കും എന്നാണ് എഫ്ബിഐ വിധിയെഴുതിയത്.
അന്വേഷണത്തിനിടയില്‍ മോറിസിനേയും സംഘത്തേയും കണ്ടെന്ന പല അവകാശവാദങ്ങളും എഫ്ബിഐക്ക് മുന്നിലെത്തിയെങ്കിലും അതൊന്നും തെളിയിക്കാന്‍ ആര്‍ക്കുമായില്ല. രണ്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ മോറിസും ആംഗ്ലിന്‍ സഹോദരങ്ങളും രക്ഷപ്പെട്ടന്നതിന് തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് കാണിച്ച് ഇവര്‍ മരിച്ചതായി കണക്കാക്കി എഫ്ബിഐ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ ചുമതലയുള്ള മാര്‍ഷല്‍ സര്‍വീസ് ഫയല്‍ ക്ലോസ് ചെയ്തില്ല. മൂന്ന് പേരുടെയും വാണ്ടഡ് പോസ്റ്ററുകള്‍ സര്‍വീസിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും ഉണ്ട്. എണ്‍പതുകളുടെ അവസാനത്തില്‍ മോറിസും സംഘവും എങ്ങനെയിരിക്കുമെന്ന കമ്പ്യൂട്ടറിന്റെ സഹായത്തോടെ നിര്‍മിച്ച മൂന്ന് ഫോട്ടോകള്‍ വെബ്സൈറ്റില്‍ കാണാം.
മോറിസും സംഘവും രക്ഷപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞ് 1963ല്‍ അല്‍കട്രാസ് അടച്ചുപൂട്ടി. ജയിലിന്റെ നടത്തിപ്പും മെയിന്റനന്‍സും രാജ്യത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നതായിരുന്നു അടച്ചുപൂട്ടാനുള്ള കാരണം. നിലവില്‍ നാഷണല്‍ പാര്‍ക്ക് സര്‍വീസിന്റെ കീഴില്‍ ടൂറിസ്റ്റ് കേന്ദ്രമായാണ് അല്‍കട്രാസ് പ്രവര്‍ത്തിക്കുന്നത്. ഈ ജയിലാണ് തുറക്കുമെന്ന് ആറ് പതിറ്റാണ്ടിനു ശേഷം ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
മോറിസും ആംഗ്ലിന്‍ സഹോദരങ്ങളും ജീവനോടെ രക്ഷപ്പെട്ടോ ഇല്ലയോ, കഥകളെന്തായാലും, ട്രംപിന്റെ പ്രഖ്യാപനത്തോടെ, 1960 കളിലെ ഗ്രേറ്റ് എസ്‌കേപ്പും ദി റോക്ക് എന്ന അല്‍കട്രാസ് ജയിലും വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.