ആഞ്ഞടിച്ച് ഫെൻജൽ; തമിഴ്നാട്ടിൽ ജനജീവിതം സ്തംഭിച്ചു, മഴക്കെടുതിയിൽ മൂന്ന് മരണം, കേരളത്തിലും ജാഗ്രതാനിർദേശം

താൽക്കാലികമായി അടച്ചിട്ട ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു
ആഞ്ഞടിച്ച് ഫെൻജൽ; തമിഴ്നാട്ടിൽ ജനജീവിതം സ്തംഭിച്ചു, മഴക്കെടുതിയിൽ മൂന്ന് മരണം, കേരളത്തിലും ജാഗ്രതാനിർദേശം
Published on

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫെൻജല്‍ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും കനത്ത മഴ തുടരുന്നു. വില്ലുപുരം, കൂഡല്ലൂർ, കള്ളക്കുറിച്ചി എന്നീ ജില്ലകളിലും പോണ്ടിച്ചേരിയിലും റെഡ് അലേർട്ട് തുടരുകയാണ്. ചെന്നൈ നഗരത്തിലും തീരദേശ ജില്ലകളിലും കനത്ത മഴയും വെള്ളക്കെട്ടും രൂക്ഷമാണ്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചു. ഈ സീസണിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഫെൻജൽ. കനത്ത മഴ ഞായറാഴ്ച (ഡിസംബർ 1) തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

താൽക്കാലികമായി അടച്ചിട്ട ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ 226 വിമാനങ്ങൾ റദ്ദാക്കുകയും, 20ഓളം വിമാനങ്ങൾ ഗുവാഹത്തി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ചെന്നൈ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 53ഓളം പ്രധാന റോഡുകളെങ്കിലും വെള്ളത്തിനടിയിലാണ്, ഏഴ് സബ്‌വേകൾ അടച്ചു.

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് തമിഴ്നാട് സർക്കാർ നൽകുന്ന മുന്നറിയിപ്പ്. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലായി മുന്നൂറിലേറെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 112, 1077 എന്നീ ടോൾ ഫ്രീ നമ്പറുകൾ ദുരന്തനിവാരണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. 9488981070 എന്ന നമ്പരിൽ ആളുകൾക്ക് വാട്സ് ആപ്പിലും ബന്ധപ്പെടാം.

ഫെൻജൽ ചുഴലിക്കാറ്റിനെ തുടർന്ന് കേരള തീരത്തും ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചി അടക്കുള്ള കേരള തീരത്താണ് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. മൂന്ന് ദിവസം കനത്ത മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ മൂന്ന് ദിവസം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും, തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com