അനീതികള്‍ക്കെതിരെ അസാധാരണ പോരാട്ടം നയിച്ച കേരളത്തിന്റെ കൊച്ചേട്ടന്‍

ജാതി വിവേചനവും സാമൂഹ്യ അനീതികളും ഭിന്നരൂപത്തില്‍ കളം നിറയുന്ന ഈ കാലത്ത് 'ആപല്‍ക്കരമായ' കൊച്ചിന്റെ പുരോഗമന കര്‍മത്തിന് വലിയ സാമൂഹികാനിവാര്യതയുണ്ട്
അനീതികള്‍ക്കെതിരെ അസാധാരണ പോരാട്ടം നയിച്ച കേരളത്തിന്റെ കൊച്ചേട്ടന്‍
Published on

'കൊച്ചേട്ടന്‍' എന്നാണ് കേരളം കെ.കെ. കൊച്ചിനെ വിളിച്ചത്. സാമൂഹിക അനിശ്ചിതാവസ്ഥകളെ കണ്ടും അനുഭവിച്ചും അതിനെതിരെ അസാധാരണമായ പോരാട്ടജീവിതമാണ് അദ്ദേഹം നയിച്ചത്. പ്രതിഷേധ സമരങ്ങളും നിരന്തര വായനയും കൈമുതലാക്കി. 'ആപല്‍ക്കരമായി കര്‍മം ചെയ്‌തൊരാള്‍' എന്ന വിശേഷണത്തിന് അര്‍ഹനായ ആ മനുഷ്യന്‍ ഇനി ഓര്‍മ.

മധുരവേലി എന്ന ദേശത്തെ നെയ്തശേരി മനയിലെ പണിക്കാരനായിരുന്ന വല്യച്ഛനെ ഓര്‍ത്തു കൊണ്ടാണ് 'ദലിതന്‍' എന്ന ആത്മകഥ കെ.കെ. കൊച്ച് എഴുതിത്തുടങ്ങുന്നത്. സവര്‍ണ ഭൂവുടമകളുടെ അനീതികളുടെ ചരിത്രത്തെ അനുഭവത്തിലൂടെ അടയാളപ്പെടുത്തുക മാത്രമല്ല ക്രൈസ്തവ ജന്മിമാരുടെ ധാര്‍ഷ്ട്യവും അതിനെതിരായ സമരങ്ങളും കെ.കെ. കൊച്ച് എല്ലാ സംസാരങ്ങളിലും എടുത്തുപറഞ്ഞു.

കേരളാ കോണ്‍ഗ്രസിന്റെ തൊപ്പിപ്പാള സംഘം കുറുവടി മാര്‍ച്ചില്‍ കര്‍ഷക തൊഴിലാളികളോടും പുലയര്‍ അടക്കമുള്ള ദലിതരോടും കമ്യൂണിസ്റ്റുകളോടുമുള്ള വെല്ലുവിളി മുദ്രാവാക്യം കെ.കെ. കൊച്ച് എടുത്ത് ഉദ്ധരിക്കാറുണ്ട് പലപ്പോഴും - 'തമ്പ്രാനെന്ന് വിളിപ്പിക്കും, പാളേല്‍ക്കഞ്ഞി കുടിപ്പിക്കും' എന്ന കുപ്രസിദ്ധ മുദ്രാവാക്യം. മുളന്തുരുത്തിയിലും വടയാറിലും നീണ്ടൂരിലേയും കര്‍ഷക തൊഴിലാളികളുടെ ചെറുത്തുനില്‍പ്പുകളുമായിരുന്നു അപ്പോള്‍ കൊച്ചിന്റെ മനസ്സില്‍.

1949 ഫെബ്രുവരി 2 ന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് കെ.കെ. കൊച്ചിന്റെ ജനനം. വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ പേരില്‍ ചെറുപ്രായത്തില്‍ തന്നെ 16 ദിവസം ജയില്‍ശിക്ഷ അനുഭവിച്ചു. ഏത് ജീവിത പ്രതിസന്ധിക്കിടയിലും വായനയെ കൂടെ കൊണ്ടുനടന്നു. 1971 ല്‍ മാതൃഭൂമി ആഴ്ചപതിപ്പ് കഥാമത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കഥാകാരന്റെ പേരും കെ.കെ. കൊച്ച് എന്നായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ആറുമാസത്തിലധികം ഒളിവില്‍ കഴിഞ്ഞു. സിപിഐഎമ്മുമായും എംഎല്‍ പ്രസ്ഥാനങ്ങളുമായും പല കാലങ്ങളില്‍ രാഷ്ട്രീയ ബന്ധം പുലര്‍ത്തി. ഇടഞ്ഞും യോജിച്ചും വിമർശിച്ചും സഹയാത്രിത്വം പുലർത്തി. കല്ലറ എന്ന സ്ഥലത്തേയും മധുരവേലിയെന്ന പൂര്‍വ പരമ്പരാ ലോകവും അടയാളപ്പെടുത്തുമ്പോള്‍ കൊച്ച് ഉപയോഗിച്ച വാചകം 'മധുരവേലി പഴയ കാലത്ത് മാര്‍കേസിന്റെ മാക്കോണ്ട പോലെ ഏകാന്തവും വിജനവുമായിരുന്നു' എന്നാണ്, കൊച്ചിന്റെ അഗാധമായ വായനയെ ഇവിടെ നമുക്ക് തൊടാം.

കെഎസ്ആര്‍ടിസിയില്‍ 1977ല്‍ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച കൊച്ച് 2001ല്‍ സീനിയര്‍ അസിസ്റ്റന്റായി ജോലിയില്‍ നിന്ന് വിരമിച്ചു. കേരളത്തിന്റെ സാമൂഹ്യധാരയില്‍ കീഴാളര്‍ക്കായി സാമൂഹികമായും പ്രത്യയശാസ്ത്രപരമായും നിലകൊണ്ടയാളാണ് ഈ വിടവാങ്ങലോടെ ഇല്ലാതാകുന്നത്. 'ആപല്‍ക്കരമായി കര്‍മം ചെയ്തയാളെന്ന പ്രയോഗം' ദലിതന്‍ എന്ന പുസ്തകത്തിന്റെ ആമുഖത്തിലേതാണ്. ജാതി വിവേചനവും സാമൂഹ്യ അനീതികളും ഭിന്നരൂപത്തില്‍ കളം നിറയുന്ന ഈ കാലത്ത് 'ആപല്‍ക്കരമായ' കൊച്ചിന്റെ പുരോഗമന കര്‍മത്തിന് വലിയ സാമൂഹികാനിവാര്യതയുണ്ട്. അതിന് കേരളത്തിന്റെ അടിസ്ഥാന വര്‍ഗം കൊച്ചേട്ടനോട് കടപ്പെട്ടിരിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com