ദളിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്; നീതി ലഭിച്ചില്ലെങ്കിൽ രാജി വെക്കുമെന്ന് പ്രഖ്യാപിച്ച് പൊട്ടിക്കരഞ്ഞ് ഫൈസാബാദ് എംപി

ഫെബ്രുവരി അഞ്ചിന് അയോധ്യയിലെ മില്‍ക്കിപൂര്‍ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനാരിക്കെയാണ് ദളിത് യുവതിയുടെ മരണം ചർച്ചയാവുന്നത്
ദളിത് യുവതിയെ പീഡിപ്പിച്ച്  കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്; നീതി ലഭിച്ചില്ലെങ്കിൽ രാജി വെക്കുമെന്ന് പ്രഖ്യാപിച്ച് പൊട്ടിക്കരഞ്ഞ് ഫൈസാബാദ് എംപി
Published on


അയോധ്യയിലെ ദളിത് യുവതിയുടെ മരണത്തിൽ നീതി ലഭിച്ചില്ലെങ്കിൽ സ്ഥാനം രാജിവെയ്ക്കുമെന്ന് ഫൈസാബാദ് എം.പി. അവദേശ് പ്രസാദ്. പത്രസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു സമാജ്‌വാദി പാർട്ടി എംപി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് 22 കാരിയായ ദളിത് യുവതിയെ അയോധ്യക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.


അയോധ്യയിലെ മില്‍ക്കിപൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദളിത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

'ഞാന്‍ ഡല്‍ഹിയിലേക്ക് പോകട്ടെ. ലോക്‌സഭയില്‍ പ്രധാനമന്ത്രിക്ക് മുൻപാകെ ഈ വിഷയം ഞാൻ ഉയര്‍ത്തിക്കാട്ടും. നീതി കിട്ടിയില്ലെങ്കില്‍ ലോക്‌സഭയില്‍നിന്ന് രാജിവെയ്ക്കും. എങ്ങനെയാണ് നമ്മുടെ പെൺമക്കൾക്ക് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത്? പെണ്‍മക്കളെ സംരക്ഷിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെടുകയാണ്. ചരിത്രം എങ്ങനെയായിരിക്കും നമ്മളെ വിലയിരുത്തുക? ' അവദേശ് പ്രസാദ് കരഞ്ഞുകൊണ്ട് ചോദിച്ചു. വാര്‍ത്താസമ്മേളനത്തിലുടനീളം താന്‍ രാജിവെക്കുമെന്ന് എംപി ആവര്‍ത്തിച്ചപ്പോൾ, ഇരയ്ക്ക് നീതി ഉറപ്പാക്കാന്‍വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞുകൊണ്ട് ഒപ്പമുണ്ടായിരുന്നവര്‍ അവദേശിനെ ആശ്വസിപ്പിക്കുന്നുമുണ്ടായിരുന്നു.

മില്‍ക്കിപൂരിലെ എംഎല്‍എയായിരുന്നു സമാജ്‌വാദി പാർട്ടി നേതാവ് അവദേശ്‌ പ്രസാദ്. ഇതിനിടെ 2024-ല്‍ ഫൈസാബാദ് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുകയും, വിജയിക്കുകയുമായിരുന്നു. ഫെബ്രുവരി അഞ്ചിന് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനാരിക്കെയാണ് ദളിത് യുവതിയുടെ മരണം ചർച്ചയാവുന്നത്. അതിനാൽ അവദേശ് പ്രസാദിൻ്റെ കണ്ണീർ മുതലകണ്ണീരാണെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. 



കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയോധ്യയിലെ കനാലിൽ 22-കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചപ്പോൾ, കുടുംബം സ്വന്തംനിലയില്‍ അന്വേഷിക്കണമെന്നായിരുന്നു മറുപടി. ഇതിനുപിന്നാലെയാണ് നഗ്നമായനിലയില്‍ കനാലില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.



പെൺകുട്ടിയുടെ കയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നെന്നും മൃതദേഹത്തില്‍നിന്ന് കണ്ണുകളില്ലായിരുന്നെന്നും കുടുംബം പറയുന്നു. സംഭവം കൊലപാതകമാണെന്നും യുവതി ബലാത്സംഗത്തിനിരയായെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ വെള്ളിയാഴ്ച കേസെടുത്തിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com