മലയാള സിനിമ കണ്ട ഒറ്റയാൾ പോരാട്ടം; തിലകൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 12 വർഷം

വെള്ളിത്തിരയിൽ മൂന്നു പതിറ്റാണ്ടിലേറെ പകർന്നാടിയ കഥാപാത്രങ്ങളുടെ സമാന കരുത്ത് ജീവിതത്തിലും തിലകന് ഒപ്പമുണ്ടായിരുന്നു
മലയാള സിനിമ കണ്ട ഒറ്റയാൾ പോരാട്ടം; തിലകൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 12 വർഷം
Published on

മലയാളത്തിൻ്റെ അഭിനയ പെരുന്തച്ചൻ തിലകൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 12 വർഷം. ശബ്ദഗാഭീര്യം കൊണ്ടും ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസ് കീഴടക്കിയ അതുല്യ നടൻ 2012 സെപ്റ്റംബർ 24നായിരുന്നു കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

കാലത്തിന് മുന്നേ ശബ്ദഗാംഭീര്യത്തോടെ മലയാള സിനിമയിൽ നിന്നും മുഴങ്ങിയ ഇടിമുഴക്കം, ഇന്ന് ദിക്കുകൾ പൊട്ടുമാറ് ഉച്ചത്തിൽ കേൾക്കുന്നു. അത് പല ദന്തഗോപുരങ്ങളെയും താഴേക്കിടാൻ ശക്തമായ പ്രഹരമാകുന്നു. തിലകൻ എന്ന ഒറ്റയാനാണ്, മലയാള സിനിമയിലെ താരങ്ങളുടെ പവർ ഗ്രൂപ്പുകളെക്കുറിച്ചും മാഫിയകളെയും കുറിച്ചും ആദ്യം പറഞ്ഞു തുടങ്ങിയത്.

അദ്ദേഹം അരങ്ങൊഴിഞ്ഞ് ഒരു വ്യാഴവട്ടക്കാലം പിന്നിട്ടപ്പോഴാണ്, സിനിമയെ മുഴുവൻ പിടിച്ചുകുലുക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. മലയാള സിനിമാ നിർമാണ മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും, ആരൊക്കെ സിനിമയിൽ വേണമെന്നും വേണ്ടെന്നും തീരുമാനിക്കുന്നത് ഈ ശക്തികേന്ദ്രമാണെന്നും അതിൽ വ്യക്തമായി പരാമർശിക്കുന്നു. തിലകൻ്റെ ആ ശബ്ദം വെള്ളിത്തിരയിലെന്ന പോലെ കാലം കാത്തുവെച്ച വാക്കുകളായിരുന്നു.

വെള്ളിത്തിരയിൽ മൂന്ന് പതിറ്റാണ്ടിലേറെ പകർന്നാടിയ കഥാപാത്രങ്ങളുടെ സമാന കരുത്ത് ജീവിതത്തിലും തിലകന് ഒപ്പമുണ്ടായിരുന്നു. തിലകൻ തിരശീലയിൽ പകർന്നാടിയതെല്ലാം അഭിനയത്തിൻ്റെ അടരുകളും കടന്ന് ജീവിതാനുഭവങ്ങളായിരുന്നു. പെരുന്തച്ചനിലെ തച്ചനും, മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും, യവനികയിലെ വക്കച്ചനും,  കീരിടത്തിലെ അച്യുതൻ നായരും, കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയും, സ്ഫടികത്തിലെ ചാക്കോ മാഷും, കാട്ടു കുതിരയിലെ കൊച്ചുവാവയും, ഉസ്താദ് ഹോട്ടലിലെ കരീമിക്കയുമൊക്കെ... മലയാളികളുടെ ഇടനെഞ്ചിൽ ഇന്നും തുടിക്കുകയാണ്.

നായകന്മാരെ മാത്രം മികച്ച നടന്മാരായി എണ്ണപ്പെടുന്ന സിനിമാ ലോകത്ത് നല്ല നടനെന്നാല്‍ തിലകനെന്ന് സ്വയം തെളിയിച്ചു. വര്‍ഷങ്ങള്‍ നീണ്ട അഭിനയ സപര്യക്കിടയില്‍ അതിശയിപ്പിച്ചുകൊണ്ടേയിരുന്നു. അത്രത്തോളം സൂക്ഷ്മാഭിനയത്തിൻ്റെയും കയ്യൊതുക്കത്തിൻ്റെയും മൂർത്തീ ഭാവം, ചെയ്തു ഫലിപ്പിച്ച ഓരോ കഥാപാത്രങ്ങളിലും കണ്ടു.

10,000 ത്തോളം വേദികളിൽ നിറഞ്ഞാടി നാടകാഭിനയത്തിൻ്റെ തഴക്കത്തോടെയാണ് തിലകൻ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. 81ൽ കോലങ്ങളിലെ കള്ളുവർക്കി എന്ന കഥാപാത്രത്തിലൂടെയാണ് തനിക്കു മാത്രമുള്ള ഇരിപ്പിടം മലയാള സിനിമയിൽ നേടിയെടുക്കുന്നത്. പിന്നീട് ഗമനം, സന്താനഗോപാലം, നാടോടിക്കാറ്റ്, കിലുക്കം, ഗോഡ്ഫാദർ, ഋതുഭേദം, ഇന്ത്യൻ റുപ്പീ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ ഓരോ കാലഘട്ടങ്ങളിലെ വേറിട്ട അടയാളപ്പെടുത്തലുകൾ ഏറെ.

പെരുന്തച്ചനിലെ രംഗം


അതിൽ ഗൗരവപ്രകൃതത്തിൻ്റെയും ശാന്തതയുടെയും നിസഹായതയുടെയും ക്രൂരതയുടെയും വാൽസല്യത്തിൻ്റെയും ഹാസ്യത്തിൻ്റെയും പ്രണയത്തിൻ്റെയുമൊക്കെ പല തലങ്ങളിലേക്ക് തിലകൻ ടച്ച് പതിപ്പിച്ചു. ശരീരത്തെയും ശബ്ദത്തെയും ഭാവചലനങ്ങളെയും വേർപെടുത്താനാവാത്ത വിധം നിസാരമായി കഥാപാത്രങ്ങളിലേക്ക് ലയിപ്പിച്ചു. സ്ഫടികത്തിലും കിരീടത്തിലും നരസിംഹത്തിലും പശ്ചാത്തലമൊന്നായ കഥാപാത്രങ്ങളെ ആടിത്തിമിർത്തപ്പോഴും അവ ഒന്നിനൊന്ന് വ്യത്യസ്ത ഭാവത്തിൽ വന്നുപതിച്ചു.

അപ്രിയ സത്യങ്ങൾ ചൂണ്ടിക്കാട്ടിയതിൻ്റെ പേരിൽ, സിനിമയിൽ അലിഖിത വിലക്ക് കൽപ്പിച്ചപ്പോഴും തൻ്റെ പഴയ തട്ടകത്തിലേക്കാണ് തിലകൻ മടങ്ങിയത്. ഊന്നുവടിയുടെ സഹായത്തോടെ മൂന്നു മണിക്കൂർ തട്ടിൽ നിന്ന് അഭിനയിച്ചു ജീവിച്ചു ആ വയോധികൻ. മരണംവരെയും അഭിനയിക്കണമെന്നുള്ള അഭിലാഷത്തിൽ പ്രായത്തെ മറികടന്ന് അക്ഷരജ്വാല എന്ന നാടക ട്രൂപ്പുണ്ടാക്കി വേദി സൃഷ്ടിച്ചു.

ആ ശൂന്യതയിൽ തിലകൻ ചെയ്ത പോലത്തെ കഥാപാത്രങ്ങൾ പിന്നെയും വെള്ളിത്തിരയിലെത്തി. പക്ഷേ, അവിടെയൊന്നും സൂഷ്മതയുടെ കയ്യടക്കം പ്രേക്ഷകർ കണ്ടില്ല. അത് ശരിവെക്കുന്നതായിരുന്നു ഇന്ത്യൻ റുപ്പിയിലെയും ഉസ്താദ് ഹോട്ടലിലെയും കഥാപാത്രങ്ങളിലൂടെയുള്ള തിരിച്ചുവരവ്. കാരണം പ്രേക്ഷകരുടെ ഉള്ളിൽ പതിഞ്ഞുപോയതാണ് തിലകൻ എന്ന നടൻ്റെ പ്രതിഭാ വൈഭവം. ജീവനെക്കാളേറെ സ്നേഹിച്ച മകൻ തെരുവുഗുണ്ടയായി മാറുമ്പോൾ, അവനെ കൊന്നു കളയാൻ പറഞ്ഞ പൊലീസുകാരനായ അച്ഛൻ്റെ വേദന അത്രമേൽ നൊമ്പരപ്പെടുത്തുന്നതായിരുന്നു.


അച്ഛനായും മുത്തച്ഛനായും ചേട്ടനായും അമ്മാവനായുമൊക്കെ ജീവിതപരിസരങ്ങളിലെ മുഖമായിരുന്നു എന്നും തിലകൻ. തനിയാവർത്തനത്തിലെ കുടുംബത്തിന് ശ്രേയസ് ആഗ്രഹിച്ച വല്യമ്മാമയും, മൂന്നാം പക്കത്തിലെ മരിച്ചുപോയ ചെറുമകൻ്റെ ബലിച്ചോറുമായി കടലിലേക്ക് നടന്നകലുന്ന മുത്തശ്ശനും, മകളെ കളങ്കിതയാക്കി വെറുക്കപ്പെടുന്ന നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ ആൻ്റണി പൈലോക്കാരനും, പിന്നാലെ വരുന്നവനെ തേടിയ പിൻഗാമിയിലെ കുമാരേട്ടനും, ഭാര്യയുടെ വിയോഗത്തിൽ നെഞ്ചുവിങ്ങി കേഴുന്ന കുടുംബവിശേഷത്തിലെ മാധവൻനായരും,  മകൾ ചിന്താമണിക്ക് നീതി തേടിക്കൊടുക്കാൻ നീതിയുടെ ആരാധകനാകാൻ പറയുന്ന വീരമണി വാര്യരുമെല്ലാം മരണമില്ലാത്തവിധം അനശ്വര കഥാപാത്രങ്ങളാണ്.

ചെയ്തുഫലിപ്പിച്ച കഥാപാത്രങ്ങൾ ഓരോന്നും അടയാളപ്പെടുത്തലാക്കി ഓർമപ്പുസ്തകത്തിൽ നിറഞ്ഞുനിൽക്കുകയാണ് തിലകനെന്ന നടൻ. അതെ, നാടകത്തിലായാലും സിനിമയിലായാലും പകരക്കാരനില്ലാത്ത പ്രതിഭയായിരുന്നു ആ തിലക നടനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com