കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെ നീക്കി

അഡ്വ. കെ.കെ. രത്‌നകുമാരിയായിരിക്കും പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെ നീക്കി
Published on

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യയെ നീക്കി. എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്ന സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ദിവ്യയെ നീക്കിയത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. സെക്രട്ടേറിയറ്റിന്‍റെ തീരുമാനം ദിവ്യ അംഗീകരിച്ചു. അഡ്വ. കെ.കെ. രത്‌നകുമാരിയായിരിക്കും പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്.

അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് സിപിഎം ജില്ലാ കമ്മിറ്റി സ്വീകരിച്ചിരുന്നത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്ന സാഹചര്യത്തിലാണ് ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.

എഡിഎമ്മിന്‍റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കണ്ണൂർ ടൗൺ പൊലീസാണ് പി.പി. ദിവ്യക്കെതിരെ കേസെടുത്തത്. നിയമോപദേശം ലഭിച്ചതിനു പിന്നാലെയായിരുന്നു നടപടി. ഈ മാസം 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേ ദിവസം കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനം നൊന്താണ് നവീന്‍ബാബു ജീവനൊടുക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. യാത്രയയപ്പ് ചടങ്ങിനെത്തുന്നതുവരെ നവീൻ ബാബുവിന് ഔദ്യോഗികമായോ, വ്യക്തിപരമായോ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആത്മഹത്യാ പ്രേരണയ്ക്ക് വഴിവെച്ചത് ദിവ്യയുടെ പ്രസംഗമാണെന്നും, ആത്മഹത്യാ പ്രേരണകുറ്റം ദിവ്യയുടെ പേരിൽ നിലനിൽക്കുമെന്നുമാണ് പൊലീസിന് നിയമോപദേശം ലഭിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com