
പി.പി. ദിവ്യക്കെതിരെ അപകീർത്തി പരാമർശം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. രാജൻ ജോസഫ് എന്നയാൾക്കെതിരെ കണ്ണപുരം പൊലീസാണ് കേസെടുത്തത്. ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ പരാതിയിലാണ് കേസ്. അപകീർത്തിപ്പെടുത്താനും സ്പർധ വളർത്താനും ശ്രമിച്ചെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി.പി. ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തന്നെയും കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലൂടെയും, അപമാനിക്കുന്നതിനായും ഇത്തരത്തിൽ വസ്തുതാവിരുദ്ധമായ വ്യാജവാർത്തകൾ കെട്ടിച്ചമച്ചവർക്കും വാട്സ്അപ് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാമിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു ദിവ്യ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.
ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരുമെന്നും ദിവ്യ വ്യക്തമാക്കിയിരുന്നു. പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർഥിക്കുകയും ചെയ്തു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ജാമ്യം ലഭിച്ചിരുന്നു. രണ്ടാള്‍ ജാമ്യം, ജില്ല വിട്ടു പോകരുത്, തിങ്കളാഴ്ചകളില്‍ രാവിലെ 9 നും 11 നുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഇതേ കോടതി തന്നെയായിരുന്നു ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയത്. ഇത്തരത്തില്‍ ഒരു വേദിയിലെത്തി സംസാരിച്ചത് തെറ്റാണെന്ന് ദിവ്യ തന്നെ ജാമ്യഹര്‍ജിയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിച്ചതെന്നും ദിവ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി.പി. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിരുന്നത്.