NIAയെ അപകീർത്തിപ്പെടുത്തുന്നു, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; എമ്പുരാനെതിരെ എൻഐഎയ്ക്ക് പരാതി നൽകി മുൻ നാവിക ഉദ്യോഗസ്ഥൻ

ചിത്രത്തിൽ എൻഐഎയെ അപകീർത്തിപ്പെടുത്തുന്നുവെന്നും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവെന്നും എമ്പുരാനെതിരായ പരാതിയിൽ പറയുന്നു
NIAയെ അപകീർത്തിപ്പെടുത്തുന്നു, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; എമ്പുരാനെതിരെ എൻഐഎയ്ക്ക് പരാതി നൽകി മുൻ നാവിക ഉദ്യോഗസ്ഥൻ
Published on

എമ്പുരാൻ സിനിമക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് എൻഐഎക്ക് പരാതി നൽകി മുൻ നാവിക ഉദ്യോഗസ്ഥൻ. ചിത്രത്തിൽ എൻഐഎയെ അപകീർത്തിപ്പെടുത്തുന്നുവെന്നും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവെന്നും എമ്പുരാനെതിരായ പരാതിയിൽ പറയുന്നു. ബിഎൻഎസ് 353, 148, 196, 353 എന്നീ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് മുൻ നാവികനായ ശരത് ഇടത്തിൽ എൻഐഎക്ക് പരാതി നൽകിയിരിക്കുന്നത്.

ചിത്രം ദേശീയ അന്വേഷണ ഏജൻസിയുടെ ഓഫീസിനെ വ്യക്തമായി അപകീർത്തിപ്പെടുത്തുകയും രാജ്യത്തിന്റെ സുരക്ഷ, സാമൂഹിക ഐക്യം, പൊതു ക്രമം എന്നിവയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യുന്നുവെന്നും ശരത് ഇടത്തിലിൻ്റെ പരാതിയിൽ പറയുന്നു. ചിത്രം ഭീകരതയെയും ദേശീയ സുരക്ഷയിൽ ഉൾപ്പെട്ട രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള പദ്ധതിയെയും അപകടകരമാംവിധം മഹത്വവൽക്കരിക്കുന്നുവെന്നും ശരത് ഇടത്തിൽ എൻഐഎക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

അതേസമയം, എമ്പുരാനെതിരെയുള്ള വിമർശനം തുടരുകയാണ് ആർഎസ്എസ് മുഖവാരിക ഓർഗനൈസർ. പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെയാണ് ആർഎസ്എസ് മുഖവാരിക ഓർഗനൈസറിൻ്റെ പുതിയ ലേഖനം പുറത്തുവിട്ടിരിക്കുന്നത്. വെട്ടി ചുരുക്കിയിട്ടും സിനിമ അടിസ്ഥാനപരമായി ദേശവിരുദ്ധമാണ് എന്നാണ് ഓർഗനൈസർ ഉന്നയിക്കുന്നത്. ഇസ്ലാമിക ഭീകരരെ അനുകമ്പയുള്ള വ്യക്തികളായി ഇപ്പോഴും സിനിമ ചിത്രീകരിക്കുന്നു. ചിത്രത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

തിരക്കഥാകൃത്തും സംവിധായകനും മുസ്ലീം ഭീകരതയുടെ ഉത്തരവാദിത്തം ഹിന്ദുക്കളുടെ മേൽ ചുമത്തുകയാണ്. എമ്പുരാൻ ഇസ്ലാമിക ഭീകരതയെ ന്യായീകരിക്കുകയും, വെള്ളപൂശുകയും ചെയ്യുന്നു. ഹിന്ദു വിരുദ്ധ നിലപാട് പ്രോത്സാഹിപ്പിച്ചതിന് ചലച്ചിത്ര നിർമ്മാതാക്കൾ പൊതുജനങ്ങളോട് ക്ഷമ ചോദിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെട്ടു.

സിനിമ ദേശ വിരുദ്ധം അരാജകത്വം പ്രോത്സാഹിപ്പിക്കുന്നു. മലയാള സിനിമ മേഖലയിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. സമീപകാലത്തായി മയക്കുമരുന്നും അരാജകത്വവുമാണ് സിനിമയുടെ പ്രധാന വിഷയം. മട്ടാഞ്ചേരി മാഫിയയുടെ ഭാഗമായുള്ള സിനിമകളിലാണ് ഈ രീതി കാണുന്നതെന്നും ലേഖനത്തിൽ പരാമർശമുണ്ട്. നിരവധി ലേഖനങ്ങളാണ് എമ്പുരാൻ ചിത്രത്തിനെതിരെ ഓർഗനൈസർ പുറത്തുവിടുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍ മോഹന്‍ലാല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് പോസ്റ്റിട്ടപ്പോള്‍ എല്ലാം അദ്ദേഹത്തിന്റെ തോളില്‍ ചാരി പൃഥ്വിരാജ് മാറി നിന്നുവെന്നും മൗനം പാലിച്ചുവെന്നുവെന്നുമുള്ള തരത്തിൽ ലേഖനം പുറത്തുവിട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com