വേഗത കുറയ്ക്കാനാവശ്യപ്പെട്ട പൊലീസുകാരനെ കാറിടിച്ച് കൊന്നു; റോഡില്‍ വലിച്ചിഴച്ചത് 10 മീറ്ററോളം

സന്ദീപിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വേഗത കുറയ്ക്കാനാവശ്യപ്പെട്ട പൊലീസുകാരനെ കാറിടിച്ച് കൊന്നു; റോഡില്‍ വലിച്ചിഴച്ചത് 10 മീറ്ററോളം
Published on
Updated on



ഡൽഹി നംഗ്ലോയിൽ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ സന്ദീപ് ആണ് കൊല്ലപ്പെട്ടത്. പൊലീസുകാരനെ ഇടിച്ചിട്ട ശേഷം പത്ത് മീറ്ററോളം വലിച്ചിഴച്ചതായാണ് റിപ്പോർട്ട്. വാഹനത്തിൻ്റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

നംഗ്ലോയിയിൽ മോഷണക്കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസ് പെട്രോളിങ്ങ് ഊർജിതമാക്കിയിരുന്നു. സന്ദീപായിരുന്നു കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥൻ ബൈക്കിൽ സഞ്ചരിക്കവെ പിന്നാലെയെത്തിയ വാഗ്‌നർ കാർ അമിത വേഗത്തിൽ മറികടക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സന്ദീപ് കാർ ഡ്രൈവറോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടു. പിന്നാലെ കാർ സന്ദീപിനെ പിന്നിൽ നിന്നിടിച്ച് വീഴ്ത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെയും ബൈക്കിനെയും പത്ത് മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് കാർ സ്ഥലം വിട്ടത്. സന്ദീപിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ സന്ദീപ് വാഹനത്തോട് വേഗത കുറയ്ക്കാനായി ആംഗ്യം കാണിക്കുന്നത് കാണാം. അൽപസമയത്തിനുള്ളിൽ കാർ സന്ദീപിനെ ഇടിച്ചിടുന്നതും വലിച്ചിഴക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പൊലീസ് റിപ്പോർട്ട് പ്രകാരം കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇവർ കാർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അനധികൃത മദ്യക്കടത്ത് സംഘമാണ് കാറിലുണ്ടായിരുന്നത് എന്നാണ്  പ്രദേശിക റിപ്പോർട്ടുകൾ, എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com