
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ധനികരിൽ ഒന്നും രണ്ടും സ്ഥാനത്ത് ബിജെപി സ്ഥാനാർഥികൾ. ആകെയുള്ള 699 പേരിൽ 222 പേരും 10 ലക്ഷത്തിൽ താഴെ മാത്രം സ്വത്തുള്ളവരാണ്. അൻപതു കോടിയിലേറെ സ്വത്തുള്ള 23ൽ 21പേരും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥിമാരാണ്.
ഡൽഹിയിലെ സ്ഥാനാർഥികളിൽ ഏറ്റവും ധനികൻ ഷാക്കൂർ ബസ്തിയിൽ മത്സരിക്കുന്ന കർണെയ്ൽ സിങ്ങാണ്. അമ്പലങ്ങളുടെ സംരക്ഷണത്തിനായി ബിജെപി രൂപീകരിച്ച ഡൽഹി മന്ദിർ പ്രകോഷ്തിന്‍റെ തലവനായ കർണെയ്ൽ സിങ്ങിന് 259 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രാഹ്മണ സമുദായ നേതാവായ കർണെയ്ൽ മുസ്ലീം വിരുദ്ധ പ്രസ്താവനകളുടെ പേരിൽ നിരവധി തവണ വിവാദത്തിലായിട്ടുള്ള നേതാവുമാണ്. ബിജെപിയുടെ തന്നെ രജൗരി ഗാർഡൻ സ്ഥാനാർഥി മൻജിന്ദർ സിങ് സിഴ്സയാണ് സ്വത്തിൽ രണ്ടാമൻ. 248 കോടിയാണ് ആസ്തി. കോൺഗ്രസിന്‍റെ കൃഷ്ണ നഗർ സ്ഥാനാർഥി ഗുർചരൺ സിങ് രാജുവാണ് മൂന്നാമൻ. 130 കോടിയാണ് ആസ്തി.
നാലാം സ്ഥാനത്ത് അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കുന്ന പർവേഷ് സിങ് വർമയാണ്. 110 കോടിയാണ് ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനായ പർവേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. പർവേഷുമായി താരതമ്യം ചെയ്യുമ്പോൾ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നൂറിൽ ഒന്ന് മാത്രമാണ് ആസ്തി.
1.73 കോടിയാണ് കെജ്‌രിവാളിന്‍റെ സത്യവാങ്മൂലത്തിൽ പറയുന്ന ആസ്തി. ഘാസിയാബാദിൽ കുടുംബസ്വത്തായി കിട്ടിയ 1.7 കോടി മതിക്കുന്ന ഭൂമിയാണ് ആസ്തിയുടെ സിംഹഭാഗവും. ഇതുകൂടാതെ രണ്ടര ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, പണമായി കയ്യിലുള്ള അൻപതിനായിരം രൂപയുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വന്തം പേരിൽ കാറോ വീടോ കെജ്‌രിവാളിന് ഇല്ല. സ്വർണമോ, മ്യൂച്ച്വൽ ഫണ്ട് നിക്ഷേപമോ, ഓഹരി നിക്ഷേപമോ ഇല്ല എന്നുമാണ് വെളിപ്പെടുത്തൽ. ഭാര്യക്ക് ബലേനോ കാറും 320 ഗ്രാം സ്വർണവുമുണ്ട്.