
കർഷക പോരാട്ടത്തിന് വീണ്ടും വേദിയായി രാജ്യതലസ്ഥാനം. പ്രതിഷേധ മാർച്ച് അതിർത്തിയിൽ വെച്ച് ഡെൽഹി പൊലീസ് തടഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കർഷകർ. പുതിയ കാര്‍ഷിക നിയമങ്ങള്‍ പ്രകാരം നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടായിരുന്നു ഭാരതീയ കിസാൻ പരിഷത്തിന്റെ നേതൃത്വത്തിലുള്ള മാർച്ച്.
നോയിഡയിലെ മഹാമായ മേല്‍പ്പാലത്തിന് താഴെ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കർഷകർ മാർച്ച് ആരംഭിച്ചത്. ഗൗതം ബുദ്ധ നഗര്‍, ബുലന്ദ്ഷഹര്‍, അലിഗഡ്, ആഗ്ര തുടങ്ങി 20 ജില്ലകളിലെ കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. എന്നാൽ അതിർത്തിയിൽ വെച്ച് ബാരിക്കേടുകളുടേയും വൻ പൊലീസ് സന്നാഹത്തിന്‍റേയും ബലത്തിൽ പൊലീസ് മാർച്ച് തടയുകയായിരുന്നു. കർഷകർ ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല.ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കർഷകർ വ്യക്തമാക്കി. കർഷക പ്രതിഷേധം കണക്കിലെടുത്ത് ഡെൽഹിയിൽ കർശന മുന്നൊരുക്കങ്ങളാണ് പൊലീസ് സ്വീകരിച്ചിരുന്നത്. അതിർത്തിയിൽ 5,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
Also Read; തെലങ്കാനയിൽ ദുരഭിമാനക്കൊല; വനിത കോൺസ്റ്റബിളിനെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി
പ്രധാനമായും അഞ്ച് ആവശ്യങ്ങൾ ഇന്നയിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധ മാർച്ച്. പഴയ ഏറ്റെടുക്കല്‍ നിയമപ്രകാരം 10 ശതമാനം ഭൂമി അനുവദിക്കുക കൂടാതെ 64.7 ശതമാനം നഷ്ടപരിഹാരം വര്‍ധിപ്പിക്കുക, 2014 ജനുവരി ഒന്നിന് ശേഷം ഏറ്റെടുത്ത ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി നഷ്ടപരിഹാരവും 20 ശതമാനം ഭൂമിയും നല്‍കുക, ഭൂരഹിത കര്‍ഷകരുടെ മക്കള്‍ക്ക് തൊഴിലും പുനഃരധിവാസവും ഉറപ്പാക്കുക, ഉന്നതാധികാര സമിതി പാസാക്കിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവ് ഇറക്കുക എന്നിങ്ങനെയാണ് കര്‍ഷകരുടെ ആവശ്യം. കിസാൻ മസ്ദൂർ മോർച്ച, സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെയുള്ള മറ്റ് കർഷക സംഘടനകളും ഡിസംബർ 6 മുതൽ ഡെൽഹിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ജനാധിപത്യ സംവിധാനത്തിൽ സമാധാനപരമായ പ്രതിഷേധങ്ങളിൽ ഏർപ്പെടണമെന്ന് കര്‍ഷകരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു... ജനങ്ങൾക്ക് അസൗകര്യം സൃഷ്‌ടിക്കുന്നതിൽ നിന്ന് പിന്തിരിയണമെന്നും സുപ്രീംകോടതി പറഞ്ഞു. കർഷക പ്രതിഷേധത്തെ തുടർന്ന് ഡെൽഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയിരുന്നു സുപ്രീംകോടതിയുടെ ആവശ്യം.