
ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിലുള്ള ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിന്‍റെ ജ്യാമാപേക്ഷയിൽ നേരത്തെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. കോടതി നേരത്തെ നിശ്ചയിച്ച തീയതിയായ ഒക്ടോബർ ഏഴിന് അപേക്ഷ പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഷർജീലിന്‍റെ ജാമ്യാപേക്ഷ 2022 ഏപ്രിൽ മുതൽ കോടതിയുടെ പരിഗണനിയിലാണ്. ഏഴ് വ്യത്യസ്ത ബെഞ്ചുകൾക്ക് മുമ്പാകെ 60ലധികം തവണ വാദം കേൾക്കാൻ ഹർജി ലിസ്റ്റ് ചെയ്തുവെന്നും ചൂണ്ടികാട്ടിയായിരുന്നു പുതിയ ഹർജി. 2022 ഏപ്രിൽ 29 മുതൽ ഡൽഹി ഹൈക്കോടതിയുടെ മുമ്പാകെ തീർപ്പുകൽപ്പിക്കാതെ അപ്പീൽ നിലവിലുണ്ട്. പലതവണ ഹർജി ലിസ്റ്റ് ചെയ്‌തെങ്കിലും റോസ്റ്റർ മാറ്റം, ജഡ്ജിമാരുടെ പിൻമാറൽ തുടങ്ങിയ കാരണങ്ങൾ കാണിച്ച് പരിഗണിച്ചില്ലെന്നുമായിരുന്നു ഷർജിൽ ഇമാം കോടതിയെ അറിയിച്ചത്.
പൊലീസ് ഇതുവരെ അന്വേഷണം പൂർത്തിയാക്കാത്തതിനാൽ വിചാരണ പെട്ടെന്നൊന്നും അവസാനിക്കാൻ സാധ്യതയില്ലെന്നും ലക്ഷക്കണക്കിന് പേജുകളുള്ള രേഖകളും 1000-ലധികം സാക്ഷികളെയും വിസ്തരിക്കാനുണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് ഹർജിക്കാരൻ കോടതിയെ അറിയിച്ചത്.
വിചാരണ 2020 മുതൽ സ്‌പെഷ്യൽ കോടതിയിൽ തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണ്. പൊലീസിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്, ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. കൂടാതെ, പ്രോസിക്യൂഷൻ കേസിൽ 1000-ലധികം സാക്ഷികളെ വിസ്തരിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഷർജീൽ ഇമാം കോടതിയിൽ പറഞ്ഞത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിൻ്റെ (യുഎപിഎ) കർശന വകുപ്പുകൾ പ്രകാരം 2020ലാണ് ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനക്കാരനാണെന്നാണ് പ്രോസിക്യൂഷൻ കേസ്.