
ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തെരഞ്ഞെടുപ്പ് നടത്താൻ അനുമതി നൽകിയിരുന്നു.എന്നാൽ കോടതിയുടെ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ നാളെ വോട്ടെണ്ണലുണ്ടാകൂ. പോസ്റ്ററുകളും ബാനറുകളുമടക്കം നീക്കം ചെയ്യാനും പൊതുമുതലുകൾ പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടിരുന്നു. രാവിലെ 8.30 നും ഉച്ചയ്ക്ക് 1 നും ഇടയിൽ ഡേ ക്ലാസ്സുകളിൽ എൻറോൾ ചെയ്യുന്ന വിദ്യാർഥികൾക്കും, വൈകിട്ട് 3 മുതൽ 7 വരെ ഈവനിംഗ് ക്ലാസ്സുകളിലെ വിദ്യാർഥികള്‍ക്കും വോട്ട് ചെയ്യാം.
എബിവിപിക്കെതിരെ എസ്എഫ്ഐ-ഐസ സഖ്യമാണ് ഇത്തവണ മത്സരിക്കുന്നത്. എൻഎസ്‌യുവും മത്സരരംഗത്തുണ്ട്. മലയാളി വിദ്യാർഥി അനാമിക കെയാണ് എസ്എഫ്ഐ-ഐസ സഖ്യത്തിൻ്റെ ജോയിൻ്റ് സെക്രട്ടറി സ്ഥാനാർഥി. തെരഞ്ഞെടുപ്പിൽ പണമൊഴുക്കുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉയർത്തിയിരുന്നു.
എല്ലാ ഒന്നാം വർഷ വിദ്യാർഥികള്‍ക്കും വോട്ട് ചെയ്യാൻ അർഹതയുണ്ട്, എന്നാൽ ഇതുവരെ സാധുവായ കോളേജ് ഐഡി നൽകാത്തവർ വോട്ടർ ഐഡി, ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഹാജരാക്കിയാൽ വോട്ടുചെയ്യാൻ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്നവരെ ഒഴികെയുള്ള ഒരു വാഹനവും ഛത്ര മാർഗിൽ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഡൽഹി പൊലീസ്, അർധസൈനിക വിഭാഗം ഉദ്യോഗസ്ഥർ, സർവകലാശാലാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 600 സുരക്ഷാ ഉദ്യോഗസ്ഥരെ വോട്ടെടുപ്പിൽ വിന്യസിക്കും.
കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ, ബിജെപി പിന്തുണയുള്ള അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി) നാല് സെൻട്രൽ പാനൽ പോസ്റ്റുകളിൽ മൂന്നെണ്ണം നേടി, പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി സ്ഥാനങ്ങൾ സ്വന്തമാക്കിയിരുന്നു. അതേസമയം, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയുള്ള നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ) ആണ് വിജയിച്ചത്.