ഡൽഹിയിലെ വായുമലിനീകരണം; അഞ്ചാം ദിവസവും വായു ഗുണനിലവാര സൂചിക തീവ്ര വിഭാഗത്തിൽ

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കുകൾ പ്രകാരം,വായു ഗുണനിലവാര സൂചിക 471 രേഖപ്പെടുത്തിയ ബവാനയിലാണ് വായു നിലവാരം ഏറ്റവും മോശമായിട്ടുള്ളത്
ഡൽഹിയിലെ വായുമലിനീകരണം; അഞ്ചാം ദിവസവും വായു ഗുണനിലവാര സൂചിക തീവ്ര വിഭാഗത്തിൽ
Published on

രാജ്യ തലസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഞായറാഴ്ച രാവിലെ ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 428 ആയി രേഖപ്പെടുത്തി. കൂടുതൽ മേഖലകളിലും വായു ഗുണനിലവാരം തീവ്ര വിഭാഗത്തിലെത്തി (severe zone). പുകമഞ്ഞിനെ പ്രതിരോധിക്കാനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ -3 (ഗ്രാപ്പ്-3) നിയന്ത്രണങ്ങൾ നിലവിൽ വന്ന ആദ്യദിനം പിഴയിനത്തിൽ ഈടാക്കിയത് 5.8 കോടി രൂപയാണ്. അയൽ സംസ്ഥാനമായ ഹരിയാനയിലെ ജിന്ദിലും വായു ഗുണനിലവാര സൂചിക 400 കടന്നു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കുകൾ പ്രകാരം,വായു ഗുണനിലവാര സൂചിക 471 രേഖപ്പെടുത്തിയ ബവാനയിലാണ് വായു നിലവാരം ഏറ്റവും മോശമായിട്ടുള്ളത്. അശോക് വിഹാറും ജഹാംഗീർപുരിയും ഈ കണക്ക് 466-ലാണ്. രാവിലെ 7 മണി വരെ പലം വിമാനത്താവളത്തിലെ ദൃശ്യപരത 900 മീറ്ററായിരുന്നു.

സ്കൂൾ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയതിന് പിന്നാലെ, മലിനീകരണം തടയാൻ ഡൽഹി സർക്കാർ ഇതിനകം ഗ്രാപ്പ് സ്റ്റേജ് 3 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അന്തർസംസ്ഥാന ബസുകൾ, ഇലക്ട്രോണിക് വെഹിക്കിളുകൾ, സിഎൻജി വാഹനങ്ങൾ എന്നിവ കൂടാതെ സ്വകാര്യ ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ വാഹനങ്ങളും തലസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.

ALSO READ: മണിപ്പൂരിൽ അഫ്‌സ്‌പ പിൻവലിക്കണം; കേന്ദ്രത്തോട് ആവശ്യമറിയിക്കാൻ സംസ്ഥാനം

ഗ്രാപ്പ് സ്റ്റേജ് 3 നിയന്ത്രണങ്ങൾ നിലനിൽക്കെ , മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ അധികൃതർ നടപടി ശക്തമാക്കിയിട്ടുണ്ട്. ബിഎസ് 3 പെട്രോൾ, ബിഎസ് 4 ഡീസൽ വാഹനങ്ങളുടെ നിരോധനം ലംഘിച്ചതിന് ഡൽഹി ട്രാഫിക് പൊലീസ് വെള്ളിയാഴ്ച 550 ഓളം ചെലാനുകൾ പുറപ്പെടുവിക്കുകയും ഒരു കോടിയിലധികം രൂപ പിഴ ചുമത്തുകയും ചെയ്തു. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാത്ത 4,855 വാഹനങ്ങൾക്ക് പിഴ ചുമത്തി. ഏകദേശം 4.85 കോടി രൂപയോളം പിഴയാണ് ഈടാക്കിയത്.

മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പ്രായമായവരെ സംരക്ഷിക്കാനായി വൃദ്ധസദനങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മലിനീകരണം കൂടുതലുള്ള സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായി മാസ്ക് ഉപയോഗിക്കണം, അടിയന്തിര സാഹചര്യങ്ങളിൽ ഓക്സിജൻ സിലിണ്ടറുകൾ നൽകുക തുടങ്ങിയ നടപടികളാണ് വൃദ്ധസദനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തർക്കങ്ങളും ഉടലെടുക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന അയൽ സംസ്ഥാനങ്ങൾ നിരോധനം അവഗണിച്ച് ബിഎസ്-4 ഡീസൽ ബസുകൾ ഡൽഹിയിലേക്ക് അയച്ച്, തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം വർധിപ്പിക്കുകയാണെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് ആരോപിച്ചു. നിലവിലെ വായു മലിനീകരണം രൂക്ഷമാക്കാൻ ഹരിയാന, ഉത്തർപ്രദേശ് , രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകൾ ബോധപൂർവം ഡീസൽ ബസുകൾ ഡൽഹിയിലേക്ക് അയയ്‌ക്കുകയാണെന്നാണ് ഡൽഹി മന്ത്രിയുടെ ആരോപണം.

അതേസമയം ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി മാറരുതെന്നാണ് ദേശീയ തലത്തിൽ മലിനീകരണം തടയുന്നതിനുള്ള നടപടികൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. നവംബർ 11ന് നടന്ന മുൻ വിചാരണയിൽ, ദീപാവലി ആഘോഷത്തിലെ പടക്ക നിരോധന ഉത്തരവിൻ്റെ ലംഘനം ഗൗരവമായി എടുത്ത സുപ്രീം കോടതി, മലിനീകരണം സൃഷ്ടിക്കുന്ന ഒരു പ്രവർത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് നിരീക്ഷിച്ചിരുന്നു. മലിനീകരണമില്ലാത്ത അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശം ഓരോ പൗരൻ്റെയും മൗലികാവകാശമാണെന്നും, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഇത് നിർദേശിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com