ഷഹബാസ് വധം: താമരശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടണമെന്ന് ഡിഇഒ

പഞ്ചായത്തീരാജ് ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകൾ അടിയന്തരമായി അടച്ചുപൂട്ടാനാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഡിഇഒ കത്തയച്ചത്
ഷഹബാസ് വധം: താമരശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടണമെന്ന് ഡിഇഒ
Published on

കോഴിക്കോട് താമരശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടണമെന്ന് ഡിഇഒയുടെ നിർദേശം. താമരശേരി എളേറ്റിൽ എംജെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഡിഇഒയുടെ നിർദേശം.


പഞ്ചായത്തീരാജ് ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകൾ അടിയന്തരമായി അടച്ചുപൂട്ടാനാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഡിഇഒ കത്തയച്ചത്. പല സ്ഥാപനങ്ങളും നാഥനില്ലാതെ പ്രവർത്തിക്കുന്നവയാണെന്നും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവിടെയുള്ള അരക്ഷിതാവസ്ഥ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും എത്രയും വേഗം അനധികൃതമായി പ്രവർത്തിക്കുന്ന ട്യൂട്ടോറിയൽ സെൻ്ററുകൾ അടച്ചു പൂട്ടാൻ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് കത്തിലുള്ളത്.


ഫെബ്രുവരി 28 നായിരുന്നു താമരശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിലെ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്താം ക്ലാസ് വിദ്യാർഥിയായ ഷഹബാസ് മരിച്ചത്. ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഷഹബാസിനെ മർദിച്ചത് നഞ്ചക്ക് ഉപയോഗിച്ചാണ് മർദിച്ചതെന്ന് കൂട്ടത്തിലൊരു വിദ്യാർഥിയുടെ സന്ദേശം പുറത്തുവന്നിരുന്നു. രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് ട്യൂഷൻ സെൻ്റർ പ്രിൻസിപ്പൽ അരുൺ പ്രതികരിച്ചിരുന്നു.

ഫെയർവെൽ പാർട്ടിയിൽ കപ്പിൾ ഡാൻസിനിടെ പാട്ട് നിലച്ചു പോകുകയും വിദ്യാർഥികൾ കൂവിയത് പരിപാടി അവതരിപ്പിച്ചവരെ പ്രകോപിതരാക്കിയിരുന്നു.  ഈ പക മനസിൽ വച്ച് കൊണ്ട് ആക്രമികൾ ഷഹബാസിനെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. സംഘം ചേർന്ന് ആക്രമണത്തിനിരയായതിൽ പിന്നാലെ വീട്ടിലെത്തിയ ഷഹബാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, ശക്തമായ തലവേദനയാണെന്ന് പറഞ്ഞ് വിശ്രമിക്കുകയായിരുന്നു. പിന്നീട് ഛർദിയെത്തുടർന്നാണ് അവശനായ ഷഹബാസിനെ ആശുപത്രിയിലെത്തിക്കുന്നത്. ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജിലേക്കും എത്തിക്കുകയായിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com