"മോഷണ പരാതി പിൻവലിച്ചില്ല, പെൺ സുഹൃത്ത് ഉപേക്ഷിച്ചതും വൈരാഗ്യം കൂട്ടി"; കൊലപാതകം ജീവിതം തകർത്തതിൻ്റെ പക വീട്ടാനെന്ന് പ്രതി

ഫോൺ മോഷണവുമായി ബന്ധപ്പെട്ട് അമിതിനെതിരെ നൽകിയ പരാതി പിൻവലിക്കമെന്ന് ആവശ്യപ്പെട്ടിട്ടും വിജയകുമാർ ചെവിക്കൊണ്ടില്ലെന്നും ഇതാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നും പ്രതി പൊലീസിന് മൊഴി നൽകി
"മോഷണ പരാതി പിൻവലിച്ചില്ല, പെൺ സുഹൃത്ത് ഉപേക്ഷിച്ചതും വൈരാഗ്യം കൂട്ടി"; കൊലപാതകം ജീവിതം തകർത്തതിൻ്റെ പക വീട്ടാനെന്ന് പ്രതി
Published on

കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസിൽ പ്രതി അമിത് ഉറാങ്ങിൻ്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ജീവിതം തകർത്തതിൻ്റെ പക വീട്ടാനാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഫോൺ മോഷണവുമായി ബന്ധപ്പെട്ട് അമിതിനെതിരെ നൽകിയ പരാതി പിൻവലിക്കമെന്ന് ആവശ്യപ്പെട്ടിട്ടും വിജയകുമാർ ചെവിക്കൊണ്ടില്ല. ഇതാണ് വൈരാഗ്യത്തിന് പിന്നിലെ കാരണം.


വിജയകുമാർ നൽകിയ ഫോൺ മോഷണ പരാതിക്ക് പിന്നാലെ അസം സ്വദേശി അമിതിനെ പൊലീസ് പിടികൂടിയിരുന്നു. പരാതി പിൻവലിക്കാൻ അമിത് പലകുറി ആവശ്യപ്പെട്ടെങ്കിലും വിജയകുമാർ വഴങ്ങിയില്ല. തുടർന്ന് കോട്ടയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, റിമാന്‍ഡ് ചെയ്ത് ആറുമാസത്തേക്ക് ജയിലിലയക്കുകയും ചെയ്തു. ജയിലിൽ പോയതിന് പിന്നാലെ അമിത്തിൻ്റെ പെൺ സുഹൃത്ത് ബന്ധം ഉപേക്ഷിച്ചു. പെൺസുഹൃത്തിൻ്റെ ഗർഭം അലസിയതും വിജയകുമാറിനെതിരെ വൈരാഗ്യം കൂട്ടി. ഏപ്രിൽ മൂന്നിന് ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി വീട്ടിൽ എത്തി വിജയകുമാറിനെ കണ്ടിരുന്നു. പിന്നാലെയാണ് കൊലപാതകമെന്ന് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. 

കൊല നടത്താൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും പ്രതി അമിത് ഉറാങ് പൊലീസിന് മൊഴി നൽകി. ഇതോടെ അമിത് ഒറ്റയ്ക്കാണ് അതിക്രൂര കൊലപാതകം നടത്തിയതെന്ന കാര്യം വ്യക്തമായി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതി കോട്ടയത്ത് താമസിച്ചിരുന്ന ലോഡ്ജ്, ആയുധം വാങ്ങാൻ എത്തിയ കട എന്നിവിടങ്ങളിലും ഇന്ന് തെളിവെടുപ്പ് നടത്തും.


ഏപ്രില്‍ 22നാണ് തിരുവാതുക്കലില്‍ വ്യവസായിയായ വിജയകുമാറിനേയും ഭാര്യ മീരയേയും പ്രതി അമിത് ഉറാങ് കൊലപ്പെടുത്തിയത്. കേസിലെ നിർണായക ഡിവിആർ പൊലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സമീപത്തെ തോട്ടില്‍ നിന്നാണ് കൊല നടന്ന വീട്ടിലെ സിസിടിവിയുടെ ഡിവിആര്‍ കണ്ടെടുത്തത്.

കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിൻ്റും മാച്ച് ചെയ്തതോടെ അമിത് തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞു. പിന്നാലെ  മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതിയെ പിടികൂടി. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത് ഉറാങ് പിടിയിലായത്. കൊല്ലപ്പെട്ട വിജയകുമാറിന്റെ ഫോണ്‍ പ്രതിയുടെ പക്കലുണ്ടായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com