ജ്യോതി മൽഹോത്രയും പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ള അലി ഹസനും തമ്മിലുള്ള സംഭാഷണത്തിൻ്റെ വിവരങ്ങളാണ് പുറത്തുവന്നത്
ചാരപ്രവർത്തനത്തിന് പിടിയിലായ ട്രാവൽ വ്ളോഗറായ ഹരിയാന സ്വദേശി ജ്യോതി മൽഹോത്രയും പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്. ജ്യോതി മൽഹോത്രയും പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ള അലി ഹസനും തമ്മിലുള്ള സംഭാഷണത്തിൻ്റെ വിവരങ്ങളാണ് പുറത്തുവന്നത്. വിവാഹം കഴിച്ച് പാകിസ്ഥാനിലേക്ക് പോകാൻ ജ്യോതി ആഗ്രഹിച്ചിരുന്നതായും പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു.
33 കാരിയായ യൂട്യൂബറും ഹസനും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സംഭാഷണമാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ ഏറെയും കോഡ് ഭാഷകളിലാണ്. അന്വേഷണ സംഘത്തിന് ലഭിച്ച സംഭാഷണങ്ങൾ അലി ഹസനുമായി ജ്യോതിക്കുണ്ടായിരുന്ന അടുപ്പം സൂചിപ്പിക്കുന്നതാണ്. പാകിസ്ഥാനിൽവച്ച് തന്നെ വിവാഹം ചെയ്യൂവെന്ന് മൽഹോത്ര ഹസനോട് പറയുന്ന ചാറ്റും ഇക്കൂട്ടത്തിലുണ്ട്. ഇയാളുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇരുവരും ധാരാളം സംസാരിക്കാറുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
ഹരിയാനയിലെ ഹിസാർ സ്വദേശിയായ ജ്യോതി മൽഹോത്രയെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ട്രാവൽ വിത്ത് ജോ എന്ന പേരിലായിരുന്നു ജ്യോതി യൂട്യൂബ് ചാനൽ നടത്തിയിരുന്നത്. ദേശ സുരക്ഷയെ ബാധിക്കുന്ന നിരവധി കാര്യങ്ങൾ ഇവർ ഫോണിലൂടെ കോഡ് ഭാഷയിൽ കൈമാറിയതായാണ് വിവരം.
മൽഹോത്രയുടെ നാല് ബാങ്ക് അക്കൗണ്ടുകളിൽ ഒന്നിൽ ദുബായിൽ നിന്ന് പണമിടപാടുകൾ നടത്തിയതായും കണ്ടെത്തി. ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മൽഹോത്ര രണ്ടുതവണ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. അതിനിടെ ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി പരിചയപ്പെട്ടു. ഇയാൾ വഴിയാണ് ജ്യോതി പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പരിചയപ്പെടുന്നത്. ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ആഴ്ച ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നിരവധി പേർ അറസ്റ്റിൽ ആയിരുന്നു.