കോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ പോര് കോടതിയിലേക്ക്. നയന്‍താരയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ് ധനുഷ്. മദ്രാസ് ഹൈക്കോടതിയില്‍ നടിക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുകയാണ് താരം.
നെറ്റ്ഫ്‌ളിക്‌സില്‍ പുറത്തിറങ്ങിയ 'നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍' ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മിച്ച 'നാനും റൗഡി താന്‍' ചിത്രത്തിലെ ബിടിഎസ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ഹര്‍ജി. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്ന് ഹര്‍ജയില്‍ ധനുഷ് ആരോപിക്കുന്നു.
Also Read: മൂന്ന് സെക്കന്‍ഡിന് പത്ത് കോടി രൂപ! ധനുഷ് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ്; തുറന്ന കത്തുമായി നയന്‍താര
ധനുഷിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നയന്‍താരയ്ക്ക് നോട്ടീസ് അയച്ചു. നയന്‍താരയുടെ ഭര്‍ത്താവും 'നാനും റൗഡി താന്‍' ചിത്രത്തിന്റെ സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവര്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ധനുഷിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് നയന്‍താര, ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍, ഇവരുടെ നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേര്‍സ്, എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്.
നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പാണ് നയനും ധനുഷും തമ്മിലുള്ള പോര് പരസ്യമാകുന്നത്. ധനുഷിന് തുറന്ന കത്തെഴുതി നയന്‍താരയാണ് ആദ്യം രംഗത്തെത്തിയത്. തന്റെ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍' ചിത്രത്തിലെ മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുള്ള ബിടിഎസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് ധനുഷ് പത്ത് കോടി ആവശ്യപ്പെട്ടതിനെ ആയിരുന്നു നടി വിമര്‍ശിച്ചത്. തന്റെ ഡോക്യുമെന്ററിയിലേക്ക് ചിത്രത്തിലെ പാട്ടോ രംഗങ്ങളോ ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കാത്തതിനെ കുറിച്ചും നയന്‍താര തുറന്നു പറഞ്ഞു.