'വിംഗ്‌സ് ഓഫ് ഫയര്‍' എന്ന കലാമിന്റെ ഓര്‍മ്മകുറിപ്പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ നിര്‍മിക്കുന്നത്
മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ബയോപിക് ഒരുങ്ങുന്നു. ധനുഷാണ് ചിത്രത്തില്‍ അബ്ദുള്‍ കലാമിന്റെ വേഷം അവതരിപ്പിക്കുന്നത്. ഓം റൗട്ടാണ് ചിത്രത്തിന്റെ സംവിധാനം. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാളും ടി സീരീസിന്റെ ബാനറില്‍ ഭൂഷന്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സെയ്വിന്‍ ക്വാഡ്രാസ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 'കലാം ദ മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ' എന്നാണ് ചിത്രത്തിന്റെ പേര്.
"യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞരുടെ ക്ഷാമം നേരിട്ടകാലഘട്ടത്തില്‍ കലാം രാഷ്ട്രീയത്തിന് അതീതമായി നിലകൊണ്ടു. അദ്ദേഹത്തിന്റെ കഥ സ്‌ക്രീനില്‍ എത്തിക്കുക എന്നത് കലാപരമായ വെല്ലുവിളിയും ധാര്‍മികവും സാംസ്‌കാരികവുമായ ഉത്തരവാദിത്തവുമാണ്. ആഗോള യുവാക്കള്‍ക്ക് പ്രചോദനം നല്‍കുന്ന സിനിമയാണിത്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുഭവമാണിത്", ഓം റൗട്ട് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
അബ്ദുള്‍ കലാമിന്റെ എളിയ ജീവിതത്തില്‍ നിന്ന് ഇന്ത്യയുടെ മിസൈല്‍ മാനായും പിന്നീട് രാജ്യത്തിന്റെ 11-ാമത് രാഷ്ട്രപതിയായും ഉയര്‍ന്ന അദ്ദേഹത്തിന്റെ യാത്രയാണ് സിനിമയിലൂടെ പറയുന്നത്. 'വിംഗ്‌സ് ഓഫ് ഫയര്‍' എന്ന കലാമിന്റെ ഓര്‍മ്മകുറിപ്പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ നിര്‍മിക്കുന്നത്.
അതേസമയം 'കുബേരയാണ്' ധനുഷിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ശേഖര്‍ കമ്മുലയാണ് ചിത്രത്തിന്റെ സംവിധായകന്‍. ജൂണ്‍ 20നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.