ബോർഡർ-ഗവാസ്കർ ട്രോഫി മുന്നിൽ കണ്ട് ബിസിസിഐ ഓസ്ട്രേലിയയിലേക്ക് അയച്ച കെ.എൽ. രാഹുൽ നാല് പന്തിൽ നാല് റൺസ് മാത്രമെടുത്ത് പുറത്തായിരുന്നു
ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് പ്രതീക്ഷയായി വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിൻ്റെ തകർപ്പൻ ഇന്നിങ്സ്. ഓസ്ട്രേലിയ എ ടീമിനെതിരായ നാല് ദിവസത്തെ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ ടീമിന് രക്ഷകനായത് വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ജുറേൽ ആയിരുന്നു. 186 പന്തുകൾ നേരിട്ട് ആറ് ഫോറും രണ്ട് സിക്സും സഹിതം 80 റൺസുമായി ഒമ്പതാമനായാണ് ജുറേൽ കളം വിട്ടത്.
ഇന്ത്യയെ രക്ഷിച്ച ധ്രുവ് ജുറേലിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. താരത്തെ ടെസ്റ്റ് പരമ്പരയിലും ആദ്യ ഇലവനിൽ കളിപ്പിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 11 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യ എയെ 161 എന്ന സ്കോറിൽ എത്തിച്ചത് ജുറേലിന്റെ വീരോചിതമായ പോരാട്ടമാണ്. ബോർഡർ-ഗവാസ്കർ ട്രോഫി മുന്നിൽ കണ്ട് ബിസിസിഐ ഓസ്ട്രേലിയയിലേക്ക് അയച്ച കെ.എൽ. രാഹുൽ നാല് പന്തിൽ നാല് റൺസ് മാത്രമെടുത്ത് പുറത്തായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ എ ആദ്യം ഇന്ത്യ എയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഭിമന്യൂ ഈശ്വരൻ (0), കെ എൽ രാഹുൽ (4), സായി സുദർശൻ (0), റുതുരാജ് ഗെയ്ക്ക്‌വാദ് (4) എന്നിങ്ങനെയായിരുന്നു മുന്നേറ്റ നിരക്കാരുടെ സ്കോറുകൾ. ജുറേലിനെ കൂടാതെ ദേവ്ദത്ത് പടിക്കൽ (26), നിതീഷ് കുമാർ റെഡ്ഡി (16), പ്രസിദ്ധ് കൃഷ്ണ (14) എന്നിവർ മാത്രമെ രണ്ടക്കം കടന്നുള്ളൂ.
ALSO READ: കോഹ്‌ലിയേയും രോഹിത്തിനേയും പോലുള്ള താരങ്ങൾ വിഐപി സംസ്കാരം മറന്ന് ആഭ്യന്തര ക്രിക്കറ്റ് കളിക്കണം: കൈഫ്
ഓസ്ട്രേലിയ എയ്ക്കായി മൈക്കൽ നെസർ നാല് വിക്കറ്റുകളെടുത്തു. ബീയു വെബ്സ്റ്റർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ ഇന്ത്യ എയ്ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ഓസ്ട്രേലിയ എയ്ക്കായിരുന്നു വിജയം.