ആംബുലന്‍സില്‍ പോയതായി കണ്ടത് മായക്കാഴ്ചയാണോ എന്ന് പിണറായി വിജയന്റെ പൊലീസ് അന്വേഷിച്ചാല്‍ തെളിയില്ലെന്നും സുരേഷ് ഗോപി
പൂരം കലക്കല്‍ വിവാദം സിബിഐ അന്വേഷിക്കട്ടേയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചങ്കൂറ്റം ഉണ്ടെങ്കില്‍ അതിന് തയാറുണ്ടോയെന്നും ചോദ്യം. പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ പോയിട്ടില്ല, സ്വകാര്യ വാഹനത്തിലാണ് പോയത്. ആംബുലന്‍സില്‍ പോയതായി കണ്ടത് മായക്കാഴ്ചയാണോ എന്ന് പിണറായി വിജയന്റെ പൊലീസ് അന്വേഷിച്ചാല്‍ തെളിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ചേലക്കരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. താന്‍ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ്. പോയത് ആംബുലന്‍സിലല്ല, ബിജെപി ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ്. പൂരം കലക്കലില്‍ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണ്.
ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ നിന്ന് ഇറങ്ങാന്‍ തനിക്ക് സൗകര്യമില്ലെന്നും കണ്‍വെഷനില്‍ കേന്ദ്ര മന്ത്രി പറഞ്ഞു. സിനിമ തന്റെ ചോരയും മാംസവും മജ്ജയും നീരുമാണ്. ദുഷിച്ച രാഷ്ട്രീയത്തിന്റെ ചോര തന്റെ കുടുംബത്തിലില്ല. ചോരക്കൊടിയേന്തിയവരുടെ ചോര രാഷ്ട്രീയം എത്ര പേരെ കൊന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരില്‍ തനിക്കെതിരെ എന്തൊക്കെ നടപടികളുണ്ടായി. അറസ്റ്റ് ചെയ്യിപ്പിക്കുക വരെ ചെയ്തു. നവീന്‍ ബാബുവിന്റെ കാര്യത്തില്‍ എന്താണ് ഒന്നും ഉണ്ടാകാത്തത്. പൂരം കലക്കല്‍ നല്ല ടാഗ് ലൈനാണ്. അത് ആര്‍ക്കെതിരെ വീഴുമെന്ന് കണ്ടോളൂ.
പാലാ പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന ദുഷ്ടലാക്കിന് തുടക്കമിട്ടതോടെ കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിക്ക് വളക്കൂറുള്ള മണ്ണ് ഒരുക്കിയത് ഇടതും വലതും ചേര്‍ന്നാണ്. പൂരം ആരും കലക്കിയിട്ടില്ലെന്ന് ഒരു മഹാന്‍ പറഞ്ഞു. പുകമറ സൃഷ്ടിച്ച് ചില കാര്യങ്ങള്‍ മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.