
പെന്‍സില്‍വാനിയയിലെ ഫേ ഗേബിളും റോബര്‍ട്ട് വെന്റിച്ചും 1951 ലാണ് ആദ്യം വിവാഹിതരാകുന്നത്. 24 വര്‍ഷത്തെ നീണ്ട ദാമ്പത്യത്തിനു ശേഷം 1975ല്‍ വേര്‍പിരിഞ്ഞ ഇവര്‍ ഈയിടെയാണ് വീണ്ടും ഒരുമിക്കാന്‍ തീരുമാനിക്കുന്നത്.
ഫേ ഗേബിളിന്റെ മൂത്തസഹോദരന്റെ ഉറ്റ സുഹൃത്തായിരുന്നു റോബര്‍ട്ട് വെന്റിച്ച്. പരിചയപ്പെട്ട നാള്‍ മുതലേ താന്‍ ഒരിക്കല്‍ ഗേബിളിനെ വിവാഹം ചെയ്യുമെന്ന് വെന്റിച്ച് പറയുമായിരുന്നു. 1951 നവംബറില്‍ ജീവിതം ആരംഭിച്ച് നാല് കുട്ടികളുള്ള ഇവര്‍ 1975ല്‍ വേര്‍പിരിഞ്ഞു. ശേഷം രണ്ടുപേരും പുനര്‍വിവാഹം ചെയ്ത് പങ്കാളികളുടെ മരണം വരെ അവരോടൊപ്പം ഒരുമിച്ച് ജീവിക്കുകയും ചെയ്തു.
എങ്കിലും ചെറുപ്പം തൊട്ടുള്ള പരിചയവും സൗഹൃദവും ഫേ ഗേബിളും റോബര്‍ട്ട് വെന്റിച്ചും ഉപേക്ഷിച്ചിരുന്നില്ല. വര്‍ഷങ്ങളായുള്ള അടുപ്പം ഇരുവര്‍ക്കുമിടയില്‍ ആത്മബന്ധം വളര്‍ത്തിയിരുന്നു. വേര്‍പിരിഞ്ഞതിന് ശേഷവും വെന്റിച്ചും ഗേബിളും കുടുംബ പരിപാടികളിലടക്കം ഒന്നിച്ച് പങ്കെടുക്കാറുമുണ്ടായിരുന്നു.
നഷ്ടമായ ആദ്യ പ്രണയത്തെ കൈവിടാന്‍ രണ്ടു പേരും തയ്യാറായിരുന്നില്ല. ജീവിത സായാഹ്നത്തില്‍ വീണ്ടും അവര്‍ പ്രണയിതാക്കളായി. പങ്കാളികളുടെ വിയോഗത്തിന് ശേഷം മക്കളും പേരമക്കളും അവരുടെ ജീവിതവുമായി മുന്നോട്ടുപോയതോടെ ഒറ്റപ്പെട്ട ഇരുവരും വീണ്ടും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
'കൗമാരക്കാരെ പോലെ അവര്‍ ഇപ്പോഴും പ്രണയിക്കുകയാണെന്നാണ് മാതാപിതാക്കളെ കുറിച്ച് ഇളയ മകള്‍ കരോള്‍ സ്മിത്ത് പറയുന്നത്. അമ്മയായിരുന്നു അച്ഛന്റെ ആദ്യ പ്രണയം. നഷ്ടപ്പെട്ടെന്ന് കരുതിയ ഫേ ഗേബിളിനെ വീണ്ടും തിരിച്ചുകിട്ടിയിരിക്കുകയാണ്, ഇനി കളയാന്‍ സമയമില്ലെന്ന് പിതാവ് പറഞ്ഞതായി കരോള്‍ പറയുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വെന്റിച്ചിന് 94 വയസ് തികഞ്ഞു. ഫേ ഗേബിളിന് 89 വയസായി. 14 പേരക്കുട്ടികളും അവരുടെ 14 മക്കളേയും സാക്ഷികളാക്കി ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ഞായറാഴ്ച സതേണ്‍ പെന്‍സില്‍വാനിയയിലെ ഡെന്‍വര്‍ ബറോയില്‍ വെന്റിച്ച് ഇനിയുള്ള കുറച്ച് കാലം പരസ്പരം കൂട്ടായിരിക്കും എന്ന ഉറപ്പ് നല്‍കി ഒരിക്കല്‍ കൂടി ഗേബിളിന്റെ കൈ പിടിക്കും.