ദീപാവലി തിരക്ക്; മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ തിരക്കില്‍പ്പെട്ട് ഒന്‍പത് പേർക്ക് പരുക്ക്

ടെർമിനസിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പരുക്കേറ്റവരെ ഭാഭ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബിഎംസി അറിയിച്ചു
ദീപാവലി തിരക്ക്; മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ തിരക്കില്‍പ്പെട്ട് ഒന്‍പത് പേർക്ക് പരുക്ക്
Published on

മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേർക്ക് പരുക്ക്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ യാത്രക്കാർ കയറാൻ ശ്രമിച്ചപ്പോഴുണ്ടായ തിരക്കാണ് അപകട കാരണം. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ദീപാവലി ഉത്സവ സീസണില്‍ യാത്രക്കാരുടെ എണ്ണം വർധിച്ചതാണ് തിരക്കിനു കാരണമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു.

ബാന്ദ്രയില്‍ നിന്നും ഗോരഖ്പൂരിലേക്ക് പോകുന്ന 22921 നമ്പർ ട്രെയിന്‍ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയതും യാത്രക്കാർ വലിയ കൂട്ടമായി ഓടി അടുക്കുകയായിരുന്നു. റീഷെഡ്യൂള്‍ ചെയ്തിരുന്ന വീക്കിലി ട്രെയിന്‍ 5.10നാണ് പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ട്രെയിന്‍ നിശ്ചിത സമയത്തിലും വൈകിയാണ് പ്ലാറ്റ്‌ഫോമിലേക്ക് എത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ തന്നെ പ്ലാറ്റ്‌ഫോമിൽ വൻ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ വന്നുനിന്നതും ജനറൽ കമ്പാർട്ട്‌മെൻ്റിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ച യാത്രക്കാർ തിക്കിലും തിരക്കിലും പെടുകയായിരുന്നു.

Also Read: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: മൂന്നാം സ്ഥാനാർഥി പട്ടികയും പുറത്തുവിട്ട് കോണ്‍ഗ്രസ്

22 ബോഗികളുള്ള അണ്‍റിസർവ്ഡ് ട്രെയിനായ ഗോരഖ്പൂർ എക്സ്പ്രസില്‍ കയറാൻ 1,000ത്തിലധികം യാത്രക്കാർ എത്തിയിരുന്നു. ട്രെയിൻ നിർത്തുന്നതിനു മുന്‍പെ കോച്ചുകളിൽ കയറാൻ ശ്രമിച്ച രണ്ട് യാത്രക്കാർക്കാണ് ഗുരുതരമായി പരുക്കേറ്റത്. റെയിൽവേ പൊലീസുകാരും മറ്റ് യാത്രക്കാരും ചേർന്ന് പരുക്കേറ്റവരെ സ്‌ട്രെച്ചറുകളിൽ കൊണ്ടുപോകുന്നതും തറയിലെ രക്തവും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

ടെർമിനസിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പരുക്കേറ്റവരെ ഭാഭ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബിഎംസി അറിയിച്ചു. ഒരു യാത്രക്കാരൻ്റെ നട്ടെല്ലിനും ഏതാനും യാത്രക്കാരുടെ കാലിന് പൊട്ടലുമുണ്ടായി. അതേസമയം, പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com