വിവിധ പാര്‍ട്ടികളുടെ നിലവിലെ രാഷ്ട്രീയ നിലപാടുകളുടെ 'കോക്ക്‌ടെയില്‍' ആണ് വിജയ് അവതരിപ്പിച്ചതെന്ന് എഐഎഡിഎംകെ
തമിഴക വെട്രി കഴകം പാര്‍ട്ടി (ടി.വി.കെ) നേതാവും നടനുമായ വിജയിയെ പരിഹസിച്ച് ഡിഎംകെ. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ വിക്രവാണ്ടിയില്‍ തന്റെ പാര്‍ട്ടിയുടെ നയങ്ങളും പ്രത്യയശാസ്ത്രവും വിശദീകരിച്ചുള്ള വിജയ‌്‍യുടെ സമ്മേളനത്തിലാണ് ഡിഎംകെയുടെ പ്രതികരണം.
വിജയ് പറഞ്ഞതില്‍ പുതുതായി ഒന്നുമില്ലെന്നും തങ്ങളുടെ ആശയങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നുമാണ് ഡിഎംകെയുടെ വാദം. ഡിഎംകെ പിന്തുടരുന്ന നയങ്ങളാണ് അദ്ദേഹം പറഞ്ഞതെല്ലാം എന്ന് പാര്‍ട്ടി നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദ്യ പൊതു സമ്മേളനത്തില്‍ ഡിഎംകെയെ കടന്നാക്രമിച്ചായിരുന്നു വിജയ് നടത്തിയ നയപ്രഖ്യാപന പ്രസംഗം. ദ്രാവിഡ മോഡല്‍ എന്ന് പറഞ്ഞ് ഡിഎംകെ ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. തമിഴ്നാടിനെ ഡിഎംകെ കുടുംബം കൊള്ളയടിക്കുന്നു, എന്നിങ്ങനെയായിരുന്നു വിജയ്യുടെ വിമര്‍ശനങ്ങള്‍.
'നീണ്ട രാഷ്ട്രീയ കാലത്തിനിടയില്‍ നിരവധി എതിരാളികളെ കണ്ടിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ആദ്യ സമ്മേളനമാണ്. മുമ്പും പല പാര്‍ട്ടികളേയും കണ്ടിട്ടുണ്ട്, നമുക്ക് നോക്കാം'. എന്നായിരുന്നു ഇളങ്കോവന്റെ പ്രതികരണം.
Also Read: തമിഴ് അരസിയലിലെ പുതു സത്തം; തമിഴ് ജനത വിജയ്‌ക്കൊപ്പമോ ഉദയനിധിക്കൊപ്പമോ?
പെരിയാര്‍ മുന്നോട്ടുവെച്ച സാമൂഹിക സമത്വവും സ്ത്രീ ശാക്തീകരണവുമാണ് തമിഴക വെട്രി കഴകത്തിന്റെ നയമെന്നാണ് വിജയ് വ്യക്തമാക്കിയത്. എന്നാല്‍, പെരിയാറിന്റെ നിരീശ്വര വാദം തങ്ങളുടെ നയമല്ലെന്നും തന്റെ പാര്‍ട്ടി ആരുടേയും വിശ്വാസത്തെ എതിര്‍ക്കുന്നില്ലെന്നും വിജയ് വ്യക്തമാക്കി. കാമരാജ്, അംബേദ്കര്‍, വേലു നച്ചിയാര്‍, അഞ്ജലൈ അമ്മാള്‍ എന്നിവരുടെ ചിത്രങ്ങളും പാര്‍ട്ടി വേദിയിലുണ്ടായിരുന്നു.
Also Read: 'ഡീസന്റ് അപ്രോച്ച്, ഡീസന്റ് അറ്റാക്ക്, അനാ ഡീപ്പായിറുക്കും'; വിക്രവാണ്ടിയില്‍ വിജയാരവം
ഡിഎംകെയുടെ നേതാക്കളെ പോലെ ടിവികെ നേതാക്കള്‍ ജനങ്ങള്‍ക്കു വേണ്ടി പൊരുതി ജയിലില്‍ പോകാന്‍ തയ്യാറാകില്ലെന്നും ഇളങ്കോവന്‍ വിമര്‍ശിച്ചു. ഇതാണ് ഡിഎംകെയും മറ്റ് പാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തമായ പാര്‍ട്ടിയാണ് ഡിഎംകെയെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെയും തമിഴക വെട്രികഴകത്തിനെതിരെ രംഗത്തെത്തി. വിവിധ പാര്‍ട്ടികളുടെ നിലവിലെ രാഷ്ട്രീയ നിലപാടുകളുടെ 'കോക്ക്‌ടെയില്‍' ആണ് വിജയ് അവതരിപ്പിച്ചതെന്നാണ് എഐഎഡിഎംകെ പരിഹസിച്ചത്. രാഷ്ട്രീയത്തിലേക്കുള്ള വിജയ‌്‍യുടെ അരങ്ങേറ്റത്തെ ആശംസിച്ച എഐഎഡിഎംകെ വക്താവ് കോവൈ സത്യന്‍ അദ്ദേഹത്തിന് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും പറഞ്ഞു. വിജയ് പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ പല പാര്‍ട്ടികള്‍ നേരത്തേ പറഞ്ഞു കഴിഞ്ഞതാണെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും കോവൈ സത്യന്‍ പറഞ്ഞു.