
യുഎസിലേക്കുള്ള എല്ലാ സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കും 25 ശതമാനം പുതിയ തീരുവ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിന്റെ അധിക താരിഫ് നടപടികൾക്ക് ബദലായിട്ടുള്ള ചൈനയുടെ താരിഫ് വർധന പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് ട്രംപിന്റെ മുൻകൂർ പ്രഖ്യാപനം. ബെയ്ജിങ്ങിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ യുഎസ് ഉൽപ്പന്നങ്ങൾക്ക് ചൈനയും അധിക താരിഫ് ചുമത്തുകയായിരുന്നു. ട്രംപിന്റെ ഈ വ്യാപാര നയ പരിഷ്കരണം യുഎസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ കാനഡ, മെക്സിക്കോ എന്നിവയുൾപ്പെടെ "എല്ലാവരെയും" ബാധിക്കും.
സർക്കാരിന്റെയും അമേരിക്കൻ അയൺ ആൻഡ് സ്റ്റീൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഡാറ്റ പ്രകാരം, യുഎസ് സ്റ്റീൽ ഇറക്കുമതിയുടെ ഏറ്റവും വലിയ സ്രോതസ്സുകൾ കാനഡ, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ്. ഇവർക്ക് തൊട്ടുപിന്നാലെയാണ് ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ. യുഎസിലേക്കുള്ള പ്രാഥമിക അലുമിനിയം ലോഹത്തിന്റെ ഏറ്റവും വലിയ വിതരണക്കാർ കാനഡയാണ്. 2024 ലെ ആദ്യ 11 മാസങ്ങളിലെ മൊത്തം ഇറക്കുമതിയുടെ 79 ശതമാനവും കാനഡയിൽ നിന്നായിരുന്നു. മെക്സിക്കോയാണ് അലുമിനിയം സ്ക്രാപ്പിന്റെയും അലുമിനിയം അലോയിയുടെയും പ്രധാന വിതരണക്കാർ.
ആദ്യ ഭരണകാലത്ത്, ട്രംപ് സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും താരിഫ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് കാനഡ, മെക്സിക്കോ, ബ്രസീൽ എന്നിവയുൾപ്പെടെ നിരവധി വ്യാപാര പങ്കാളികൾക്ക് ഡ്യൂട്ടി-ഫ്രീ ക്വാട്ടകൾ അനുവദിച്ചു. ജോ ബൈഡൻ ഭരണകൂടം ഈ ക്വാട്ടകൾ ബ്രിട്ടൻ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾക്ക് കൂടി നീട്ടി നൽകി. സ്റ്റീൽ, അലുമിനിയം എന്നിവയുടെ നിലവിലുള്ള തീരുവകൾക്ക് പുറമേയാണ് പുതിയ താരിഫുകൾ അവതരിപ്പിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് വ്യക്തമാക്കി.
ട്രംപിന്റെ തീരുവകൾ വ്യാപകമായ വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഇത് വിപണിയിൽ അസ്ഥിരത സൃഷ്ടിക്കുകയും കൂടുതൽ താരിഫ് പ്രഖ്യാപനങ്ങൾ പിന്നാലെ വരുമെന്ന ഭയം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. വിപണിയെ ഇത്തരത്തിൽ അസ്ഥിരപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് ലോക വ്യാപാര സംഘടനയിൽ ചൈന പരാതി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ട്രംപ് ചുമത്തിയ തീരുവകൾ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഭീഷണിപ്പെടുത്തിയതിനേക്കാൾ വളരെ താഴെയാണെന്നും ഈ നീക്കത്തിന് ചൈന മുൻകൂർ തയ്യാറായിരുന്നു എന്നുമാണ് വിപണി നിരീക്ഷകർ പറയുന്നത്.