ട്രംപിന് രണ്ടാമൂഴമോ, അതോ അമേരിക്കയ്ക്ക് ആദ്യ വനിതാ പ്രസിഡൻ്റോ?; തെരഞ്ഞെടുപ്പിന് ഇനി ഒരുദിനം മാത്രം

അവസാന മണിക്കൂറുകളിൽ നിർണായക സംസ്ഥാനങ്ങളിൽ പ്രചാരണം ശക്തമാക്കി കൊണ്ട് കമലാ ഹാരിസും ഡൊണാൾഡ് ട്രംപും മുന്നേറുകയാണ്
ട്രംപിന് രണ്ടാമൂഴമോ, അതോ അമേരിക്കയ്ക്ക് ആദ്യ വനിതാ പ്രസിഡൻ്റോ?; തെരഞ്ഞെടുപ്പിന് ഇനി ഒരുദിനം മാത്രം
Published on

ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ഇനി ഒരുദിനം മാത്രം. കമലാ ഹാരിസിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം മുതല്‍ ട്രംപിന് നേർക്കുണ്ടായ വധശ്രമങ്ങളടക്കം സംഭവ ബഹുലമായിരുന്നു അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചരണ കാലം. ലോകമിപ്പോൾ അമേരിക്കയിൽ ട്രംപിന് രണ്ടാമൂഴമോ, അതോ ആദ്യ വനിതാ പ്രസിഡൻ്റോ എന്ന ചോദ്യത്തിന് ഉത്തരം കാത്തിരിക്കുകയാണ്. അവസാന മണിക്കൂറുകളിൽ നിർണായക സംസ്ഥാനങ്ങളിൽ പ്രചാരണം ശക്തമാക്കി കൊണ്ട് കമലാ ഹാരിസും ഡൊണാൾഡ് ട്രംപും മുന്നേറുകയാണ്. ഇരു സ്ഥാനാർഥികളും തമ്മിൽ കടുത്ത മത്സരമെന്നാണ് ഏറ്റവും പുതിയ സർവേ ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

ഈ തെരഞ്ഞെടുപ്പ് കാലത്ത് ഒന്നല്ല, രണ്ടുതവണയാണ് റിപബ്ലിക്കന്‍ സ്ഥാനാർഥിയും മുന്‍ പ്രസിഡന്‍റുമായ ട്രംപിനുനേരെ വധശ്രമമുണ്ടായത്. ജൂലൈ 13ന്, പെന്‍സല്‍വാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ, 20കാരനായ അക്രമി 8 തവണ വെടിയുതിർത്തു. അതിലൊന്ന് ട്രംപിന്‍റെ വലതുചെവിയില്‍ കൊള്ളുകയും ചെയ്തു. വെടിയുണ്ട ഉരസി പോയതിനെ തുടർന്ന് ചോരയൊഴുകി. വേദിയില്‍ മുഷ്ടിയുയർത്തിയ ട്രംപും സദസില്‍ നിന്നുയർന്ന ആരവവും അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ചിത്രങ്ങളിലൊന്നായി മാറി.

ഇതോടെ ഡെമോക്രാറ്റിക് ക്യാംപിന് കാത്തിരിക്കാന്‍ സമയമില്ല എന്ന സ്ഥിതിയായി. സ്ഥാനാർഥിത്വത്തിനുവേണ്ടി വാശിപിടിച്ചുനടന്ന ബൈഡനെ സമ്മർദങ്ങളും സമവായങ്ങളും ഉപയോഗിച്ച് മാറ്റി. ജൂലൈ 21ന് ബൈഡന്‍ തെരഞ്ഞെടുപ്പ് കളം വിട്ട് മാറി നിന്നു. പിന്നാലെ കമലാ ഹാരിസിന്‍റെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടായി. ബറാക് ഒബാമയും നാന്‍സി പെലോസിയുമടക്കം ശക്തരായ ഡെമോക്രാറ്റുകളുടെ പിന്തുണയോടെ ഓഗസ്റ്റ് ആദ്യവാരം തന്നെ കമല സ്ഥാനാർഥിയായി. വിജയിച്ചാല്‍ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റ്, ആദ്യ ഏഷ്യന്‍ അമേരിക്കന്‍ പ്രസിഡന്‍റ് എന്നിങ്ങനെ ചരിത്രത്തിൽ രേഖപ്പെടുത്താവുന്ന വിശേഷണങ്ങളുള്ളതാണ് ആ സ്ഥാനാർഥിത്വം.

ആദ്യ വധശ്രമത്തിൻ്റെ അലയൊലി കെട്ടടങ്ങുമ്പോഴേക്കും സെപ്റ്റംബറില്‍ ഫ്ളോറിഡയിലെ ഗോള്‍ഫ് ക്ലബില്‍ വച്ച് ട്രംപിനെ വധിക്കാന്‍ ശ്രമമുണ്ടായി. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് വെടിവയ്ക്കാനായിരുന്നു പദ്ധതി. ഇത്തവണ വെടിയുതിർക്കും മുന്‍പ് സീക്രട്ട് സർവീസ് ഇടപെട്ടു. മുന്‍പ് റിപബ്ലിക്കന്‍ പാർട്ടിക്കുവേണ്ടി സംഭാവന നടത്തിയ ആൾ, എന്തിന് ട്രംപിനെ ലക്ഷ്യംവച്ചു എന്നറിയാന്‍ അടുത്ത വർഷം ഫെബ്രുവരിയിലെ വിചാരണ വരെ കാത്തിരിക്കണം.


അമേരിക്കന്‍ ഗായിക ടെയ്‌ലർ സ്വിഫ്റ്റ് രാഷ്ട്രീയ പക്ഷം തുറന്നുപറഞ്ഞതിന് പിന്നാലെ, റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ജെ. ഡി. വാന്‍സ് നടത്തിയ ചൈൽഡ്‍ലെസ് കാറ്റ് ലേഡീസ് പരാമർശമായിരുന്നു അടുത്തത്. കുട്ടികളില്ലാത്ത- പൂച്ചകളുമായി നടക്കുന്ന സ്ത്രീകളുടെ കൂട്ടമാണ് ഡെമോക്രാറ്റുകള്‍ എന്നായിരുന്നു വാൻസ് ഇതിലൂടെ ധ്വനിപ്പിച്ചത്. സ്ത്രീവിരുദ്ധമായ ആ പരാമർശം പ്രമുഖരില്‍ നിന്നടക്കം വ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയത്.

അതിനെയും മറികടക്കുന്നതായിരുന്നു കുടിയേറ്റക്കാർ വളർത്തുമൃഗങ്ങളെ കൊന്നുതിന്നുന്നു എന്ന ട്രംപിന്‍റെ വിചിത്രവാദം. ഓഹിയോയിലെ ഹെയ്തി കുടിയേറ്റക്കാരെ ലക്ഷ്യംവെച്ചുള്ള പരാമർശം, ഇന്‍സ്റ്റഗ്രാമും ടിക്ടോക്കുമടക്കം പുതിയ തലമുറ സോഷ്യല്‍ മീഡിയകളില്‍ ട്രംപിനെ പരിഹസിച്ചുള്ള മീമുകൾക്ക് കാരണമായി. അന്ന് ട്രംപിന്‍റെ വാദത്തെ പിന്തുണയ്ക്കാന്‍ തെളിവുമായെത്തിയ ശതകോടീശ്വരന്‍ ഇലോണ്‍ മക്സിന്‍റെ കൈയയച്ചുള്ള സാമ്പത്തിക സഹായങ്ങള്‍ കോടതി കയറുക കൂടി ചെയ്തതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com