ആൻഡ്രൂ ഷുൾട്‌സ് ആകാശ് സിങ്ങ് എന്നിവർ ചേർന്ന് നടത്തുന്ന ഫ്ളാഗ്രൻ്റ് പോഡ്‌കാസ്റ്റ് പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപിൻ്റെ പരാമർശം
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. മോദി തൻ്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ശാന്തനും സൗമ്യനുമായ നേതാവാണെന്നും ട്രംപ് പറഞ്ഞു. രാഷ്ട്രീയ നിലപാടുകളിലെ 'ടോട്ടൽ കില്ലർ'എന്നാണ് മോദിയെ ട്രംപ് വിശേഷിപ്പിച്ചത്. ആൻഡ്രൂ ഷുൾട്‌സ് ആകാശ് സിങ്ങ് എന്നിവർ ചേർന്ന് നടത്തുന്ന ഫ്ളാഗ്രൻ്റ് പോഡ്‌കാസ്റ്റ് പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപിൻ്റെ പരാമർശം.
പോഡ്‌കാസ്റ്റിനിടെ ലോകത്തെ പ്രമുഖരായ നേതാക്കളെ വിലയിരുത്തുന്നതിനിടെയാണ് ട്രംപ് മോദിയേക്കുറിച്ച് സംസാരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി തൻ്റെ നല്ല സുഹൃത്തും, സർവോപരി നല്ലൊരു മനുഷ്യനുമാണ്. മോദി ശാന്തനും സൗമ്യനുമായ നേതാവാണെന്നും ട്രംപ് പ്രശംസിച്ചു. മോദി പ്രധാനമന്ത്രിയാവുന്നതിനു മുൻപ് ഇന്ത്യ അസ്ഥിരമായ അവസ്ഥയിലായിരുന്നുവെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ALSO READ: രത്തൻ ടാറ്റ അന്തരിച്ചു
പൊതുവേ ശാന്തമായ ബാഹ്യഭാവമാണെങ്കിലും രാഷ്ട്രീയ നിലപാടുകളിലെ ടോട്ടൽ കില്ലറാണ് മോദിയെന്നും ട്രംപ് പരാമർശിച്ചു. ഇന്ത്യക്കെതിരായ ഭീഷണികളിൽ മോദിയുടെ നിലപാടുകൾ ദൃഢമാണ്. ആരെങ്കിലും ഇന്ത്യയെ ഭീഷണിപ്പെടുത്തിയാൽ മോദിയുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ട്രംപ് അനുകരിക്കുകയും ചെയ്തു.
2019-ൽ ടെക്സസിൽ നടന്ന ഹൗഡി-മോദി പരിപാടിയെക്കുറിച്ചും ട്രംപ് പരാമർശിച്ചു. ഹൂസ്റ്റണിൽ നടന്ന പരിപാടി തനിക്കൊരിക്കലും മറക്കാനാവില്ലെന്നായിരുന്നു ട്രംപിൻ്റെ പരാമർശം. 2020-ൽ ഇന്ത്യൻ സന്ദർശനം നടത്തിയ ട്രംപ് അഹമ്മദാബാദിൽ നടന്ന നമസ്തേ ട്രംപ് പരിപാടിയിലും പങ്കെടുത്തിരുന്നു. യുഎസിനു പുറത്തുള്ള ട്രംപിൻ്റെ ഏറ്റവും വലിയ റാലിയായിരുന്നു ഈ പരിപാടി. കഴിഞ്ഞ ക്വാഡ് ഉച്ചകോടിക്കിടെ മോദിയെ കാണുമെന്ന് ട്രംപ് പറഞ്ഞിരുന്നുവെങ്കിലും കൂടിക്കാഴ്ച നടന്നിരുന്നില്ല.